മലയോരത്തിന് വീണ്ടും ‘കണ്ടംവഴി’ ഓട്ടം; പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപ്പാറ സ്വിഫ്റ്റ് ബസ് പാതിവഴിയിൽ മുടങ്ങുമോ?



കൂരാച്ചുണ്ട്/ചക്കിട്ടപാറ: മലയോര മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി പ്രഖ്യാപിക്കപ്പെട്ട പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ സ്വിഫ്റ്റ് ബസ് സർവീസ് തുടങ്ങുന്നതിന് മുമ്പേ ആശയക്കുഴപ്പത്തിലായി. നാളെ പിറവം എം.എൽ.എ അനൂപ് ജേക്കബ് സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കാനിരിക്കെയാണ്, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ബസ് കോഴിക്കോട് വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ എന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്.

പിറവം - ചക്കിട്ടപാറ സ്വിഫ്റ്റ് ബസ്: പ്രധാന പ്രതിസന്ധികൾ

പുതിയ സർവീസ് മലയോര ജനതയ്ക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നെങ്കിലും, നിലവിൽ ചില 'സാങ്കേതിക കാരണങ്ങൾ' പറഞ്ഞ് സർവീസ് കോഴിക്കോട് വരെയായി ചുരുക്കാൻ നീക്കം നടക്കുന്നു എന്നാണ് സൂചന. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്:

1. സമയക്രമത്തിലെ പാളിച്ച 

മുമ്പ് ഇതേ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സമയക്രമം തന്നെയാണ് പുതിയ തുടങ്ങിയ പാലക്കാട് - ചക്കിട്ടപാറ  ബസിനും നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ നിലവിൽ ആ സമയത്ത് മറ്റ് സർവീസുകൾ ഉള്ളതിനാൽ പുതിയ ബസിന് കൃത്യമായ സമയക്രമം പാലിക്കാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നു. ഇത് കളക്ഷനെ ബാധിക്കുമെന്ന ആശങ്കയും അധികൃതർക്കുണ്ട്.

2. വിശ്രമമുറിയുടെ അഭാവം

ദൂരയാത്ര കഴിഞ്ഞ് ചക്കിട്ടപാറയിൽ എത്തുന്ന ജീവനക്കാർക്ക് താമസിക്കാൻ ആവശ്യമായ സൗകര്യമില്ലാത്തത് വലിയൊരു പ്രശ്നമായി തുടരുന്നു.

മുൻപ് പിറവം - ചക്കിട്ടപാറ ജീവനക്കാർ ഉപയോഗിച്ചിരുന്ന റൂം നിലവിൽ പാലക്കാട് - ചക്കിട്ടപ്പാറ ബസിലെ ജീവനക്കാരാണ് ഉപയോഗിക്കുന്നത്.

പുതിയ ജീവനക്കാർക്ക് താമസിക്കാൻ മറ്റൊരു റൂം ലഭിക്കാത്തതിനാൽ സർവീസ് ചക്കിട്ടപാറ വരെ നീട്ടുന്നതിൽ ജീവനക്കാർക്കിടയിൽ അതൃപ്തിയുണ്ട്.

3.ഭാഗിക സർവീസ്:  സർവീസ് കോഴിക്കോട് വരെ മാത്രം

നിലവിലെ സാഹചര്യത്തിൽ, പിറവത്ത് നിന്ന് പുറപ്പെടുന്ന ബസ് ചക്കിട്ടപാറ വരെ പോകാതെ കോഴിക്കോട് ഡിപ്പോയിൽ സർവീസ് അവസാനിപ്പിക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ കൂരാച്ചുണ്ട്, ചക്കിട്ടപാറ തുടങ്ങിയ മലയോര മേഖലയിലുള്ളവർക്ക് ഈ ബസിന്റെ ഗുണം ലഭിക്കില്ല.

ജനകീയ പ്രതിഷേധം:

കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയ്ക്ക് ലഭിക്കേണ്ട ഈ സർവീസ് അട്ടിമറിക്കപ്പെടുകയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. 'പിറവം - ചക്കിട്ടപാറ LS FP' വാട്സ്ആപ്പ് കൂട്ടായ്മയും പ്രദേശത്തെ യാത്രക്കാരും ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ മലയോര മേഖലയുടെ യാത്രാക്ലേശം പരിഹരിക്കാൻ അനുവദിച്ച ബസ്, ഡിപ്പോയിലെ ചില ഭരണപരമായ കാരണങ്ങളാൽ വഴിതിരിച്ചുവിടുന്നത് അംഗീകരിക്കാനാവില്ലെന്നും എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്താലും സർവീസ് പാതിവഴിയിൽ നിലയ്ക്കുമോ എന്ന ആശങ്കയിലാണ് പിറവം - ചക്കിട്ടപാറ LS FP' വാട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങൾ പറയുന്നത് 

"മലയോര മേഖലയുടെ വികസനത്തിനും യാത്രാ സൗകര്യത്തിനും ഏറെ ഉപകരിക്കേണ്ട ഈ ബസ് സർവീസ് പൂർണ്ണരൂപത്തിൽ കൂരാച്ചുണ്ട് - ചക്കിട്ടപാറ വരെ ഓടിക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണം." - യാത്രക്കാരുടെ ആവശ്യം.

ഈ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ചക്കിട്ടപാറ LS FP' വാട്സ്ആപ്പ് കൂട്ടായ്മയുടേയും യാത്രക്കാരുടേയും തീരുമാനം.  

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി