ആ ആറാം ഇന്ദ്രിയത്തിന് ഡിജിപിയുടെ ആദരം; കൂരാച്ചുണ്ടിനും ചക്കിട്ടപാറയ്ക്കും അഭിമാന നിമിഷം
ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കിയ കൂരാച്ചുണ്ട് സ്വദേശി DySP ബെന്നി വി.വിയും , ചെമ്പ്ര സ്വദേശി ബിജേഷ് കെ. ബിയൂം ഉൾപെട്ട അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ 'ബാഡ്ജ് ഓഫ് ഹോണർ.
കൂരാച്ചുണ്ട്: പത്തുമാസമായി തുമ്പില്ലാതെ കിടന്ന വാഹനാപകടക്കേസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തെളിയിച്ച വടകര ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ (DGP) വിശിഷ്ട സേവനത്തിനുള്ള ‘ബാഡ്ജ് ഓഫ് ഓണർ’ പുരസ്കാരം. നീതി വൈകുമെന്ന ഘട്ടത്തിൽ പ്രതിയെയും വാഹനത്തെയും കണ്ടെത്തി പരിക്കേറ്റ ഒമ്പതുവയസ്സുകാരിക്ക് അർഹമായ ഇൻഷുറൻസ് തുക ഉറപ്പാക്കിയ മികവിനാണ് ഈ അംഗീകാരം.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബെന്നി വി.വി., എ.എസ്.ഐ. സുരേഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജേഷ് കെ.ബി., ഷിനിൽ കെ., ബിനീഷ് ടി.എച്ച്. എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
അന്വേഷണം വഴിത്തിരിവായത് പത്താം മാസത്തിൽ
വടകരയിൽ വെച്ച് ഒരു സ്ത്രീയുടെ മരണത്തിനും ഒമ്പതുവയസ്സുകാരിക്ക് ഗുരുതര പരിക്കേൽക്കാനും കാരണമായ അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനത്തെ കണ്ടെത്തുക എന്നത് പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. അപകടം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും വാഹനത്തെക്കുറിച്ചോ ഡ്രൈവറെക്കുറിച്ചോ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസ്സുകാരി മാസങ്ങളോളം കോമ അവസ്ഥയിലായിരുന്നു.
തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ ഡിവൈ.എസ്.പി. ബെന്നി വി.വി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ ചിട്ടയായ അന്വേഷണമാണ് വഴിത്തിരിവായത്. നൂറുകണക്കിന് സി.സി.ടി.വി. ദൃശ്യങ്ങളും വാഹന വിവരങ്ങളും പരിശോധിച്ച സംഘം ഒടുവിൽ പത്താം മാസത്തിൽ കൃത്യമായ തെളിവുകളോടെ പ്രതിയെയും അപകടമുണ്ടാക്കിയ വാഹനത്തെയും കണ്ടെത്തുകയായിരുന്നു.
കുട്ടിക്ക് തുണയായത് പോലീസിന്റെ കൃത്യനിഷ്ഠ
അന്വേഷണ ഉദ്യോഗസ്ഥരുടെ ഈ നേട്ടം ഒരു കുടുംബത്തിന് വലിയൊരു ആശ്വാസം കൂടിയായി മാറി. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താത്ത പക്ഷം ഇൻഷുറൻസ് ക്ലെയിം ലഭിക്കാത്ത സാഹചര്യം നിലനിന്നിരുന്നു. എന്നാൽ പോലീസ് വാഹനം കണ്ടെത്തിയതോടെ, ചികിത്സയിലുള്ള ഒമ്പതുവയസ്സുകാരിക്ക് 1.15 കോടി രൂപ ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനുള്ള നിയമപരമായ വഴി തെളിഞ്ഞു.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം തന്നെ, ഇരയാക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക നീതി കൂടി ഉറപ്പാക്കാൻ കഴിഞ്ഞത് വടകര ക്രൈംബ്രാഞ്ചിന്റെ ഉജ്ജ്വല നേട്ടമായി വിലയിരുത്തപ്പെടുന്നു. ഉദ്യോഗസ്ഥരുടെ ഈ സമർപ്പണത്തെയും അന്വേഷണ മികവിനെയും അഭിനന്ദിച്ചുകൊണ്ടാണ് ഡി.ജി.പി. ബാഡ്ജ് ഓഫ് ഓണർ പ്രഖ്യാപിച്ചത്.
ആദരിക്കപ്പെട്ട ഉദ്യോഗസ്ഥർ
അന്വേഷണത്തിന് നേതൃത്വം നൽകിയ വടകര ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെയാണ് ഡിജിപി ആദരിച്ചത്:
SP .നിധിൻ രാജ് IPS
ബെന്നി വി. വി. (DySP)
സുരേഷ് ബാബു (ASI)
ബിജേഷ് കെ. ബി. (സീനിയർ സിവിൽ പോലീസ് ഓഫീസർ)
ഷിനിൽ കെ. (സീനിയർ സിവിൽ പോലീസ് ഓഫീസർ)
ബിനീഷ് ടി. എച്ച്. (സീനിയർ സിവിൽ പോലീസ് ഓഫീസർ)
തളരാത്ത അന്വേഷണബുദ്ധിയും കൃത്യമായ തെളിവുശേഖരണവും വഴി നീതി നടപ്പിലാക്കിയ ഈ ഉദ്യോഗസ്ഥരെ കൂരാച്ചുണ്ട്, ചക്കിട്ടപാറ നിവാസികളും സഹപ്രവർത്തകരും അഭിനന്ദനങ്ങൾ അറിയിച്ചു.

Comments
Post a Comment