കൂരാച്ചുണ്ട് അങ്ങാടിയിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന; പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു
കൂരാച്ചുണ്ട്: പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് അങ്ങാടിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തി. ടൗണിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ കണ്ടെത്തി പിടിച്ചെടുക്കുകയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തന്നെ അവ നശിപ്പിക്കുകയും ചെയ്തു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.
സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്സ് ആക്ട് (COTPA) പ്രകാരം സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ട പുകവലി വിരുദ്ധ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്ത കടയുടമകളിൽ നിന്നും പിഴ ഈടാക്കി. പൊതുസ്ഥലങ്ങളിലെ പുകവലി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.എം. മനു, ചിത്രലേഖ, ബി. ബിനിൽ, പബ്ലിക് ഹെൽത്ത് നഴ്‌സ് പി.കെ. ഷീബ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ലാബ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാണ്. ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

Comments
Post a Comment