അഗ്നിരഥത്തിലേറിയവർക്ക് കണ്ണീരോർമ്മ; പൂക്കിപ്പറമ്പ് ദുരന്തത്തിന് കാൽനൂറ്റാണ്ട്; സ്മരണാഞ്ജലിയും പുസ്തകപ്രകാശനവും നടത്തി



കൂരാച്ചുണ്ട്: കേരള മനസ്സാക്ഷിയെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടത്തിന് കാൽനൂറ്റാണ്ട് തികയുമ്പോഴും പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ വിങ്ങലടക്കാനാവാതെ ഒരു നാട്. 2001 മാർച്ച് 11-ന് മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പിലുണ്ടായ ആ ഭീകരമായ അഗ്നിബാധയിൽ 44 ജീവനുകളാണ് പൊലിഞ്ഞത്. ഇടുക്കി രാജപുരത്ത് ജീസസ് യൂത്ത് സംഘടനയുടെ പ്രവർത്തനങ്ങൾക്കായി പോയി മടങ്ങുകയായിരുന്ന അഞ്ച് യുവജനങ്ങൾ ഈ അപകടത്തിൽ ഇല്ലാതായത് ചെമ്പനോട, കൂരാച്ചുണ്ട് ഗ്രാമങ്ങൾക്ക് ഇന്നും ഉണങ്ങാത്ത മുറിവാണ്.

കൂരാച്ചുണ്ട് സ്വദേശി റോയി ചുവപ്പുങ്കൽ, ചെമ്പനോട സ്വദേശികളായ രജനി (പുരയിടത്തിൽ), ബിന്ദു (വാഴക്കടവത്ത്), ഷിജി (കറുത്തപാറക്കൽ), റീന (പാലറ) എന്നിവരുടെ വിയോഗത്തിന് 25 വർഷം തികയുന്ന വേളയിൽ വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.




അനുസ്മരണ ശുശ്രൂഷകൾ

മാർച്ച് 14 ശനിയാഴ്ച രാവിലെ ചെമ്പനോട സെന്റ് ജോസഫ് ചർച്ചിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ഒപ്പീസിനും താമരശേരി രൂപത വികാരി ജനറാൾ റവ. ഫാ. ഏബ്രഹാം വയലിൽ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ഉച്ചയ്ക്ക് 12.30-ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ചർച്ചിൽ ഒപ്പീസും സ്നേഹവിരുന്നും നടന്നു.

അനുസ്മരണ യോഗവും പുസ്തക പ്രകാശനവും

ഉച്ചയ്ക്ക് 2 മണിക്ക് കൂരാച്ചുണ്ട് പാരീഷ് ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ കേരള ജീസസ് യൂത്ത് കോ-ഓർഡിനേറ്റർ ഗോഡ്‌വിൻ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സോണൽ എൽഡർ ജോഷി കണ്ടത്തിൽ സ്വാഗതം ആശംസിച്ചു.

കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ അനുസ്മരണ പ്രഭാഷണം നടത്തി. ജീസസ് യൂത്ത് ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ ഡോ. മിഥുൻ പോൾ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ചടങ്ങിൽ അപകടത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി തയ്യാറാക്കിയ 'അഗ്നിരഥത്തിലേറിയവർ' എന്ന പുസ്തകത്തിന്റെ പ്രകാശനം നാഷണൽ കോ-ഓർഡിനേറ്റർ സണ്ണി ഗുഡിനോ നിർവ്വഹിച്ചു. സിസ്റ്റർ ഡാഫ്‌നി എം.എസ്.എം.ഐ പുസ്തകം ഏറ്റുവാങ്ങി.

 ഇവരുടെ ജീവിത കഥ പറഞ്ഞ അഗ്നിരഥത്തിലേറിയവർ എന്ന  പുസ്തകത്തെ ആസ്പദമാക്കി ജിന്റോ തോമസ് സംവിധാനം ചെയ്ത 'ജി ബാൻഡ് സോൾഫിഷേഴ്സ്' എന്ന ഡോക്യുമെന്ററി വെബ് സീരീസിൻ്റെ സംവിധായൻ ജിൻ്റോ തോമസിനെ ചടങ്ങിൽ ആദരിച്ചു.

ഫാ. രാജേഷ് എം.സി.ബി.എസ്, കേരള ജീസസ് യൂത്ത് ആനിമേറ്റർ റെജി കരോട്ട് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. ചടങ്ങിൽ മൊമെന്റോ വിതരണവും നടന്നു. സോണൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ അമൽ ജോയ് നന്ദി രേഖപ്പെടുത്തി.

അഗ്നിനാളങ്ങൾ കവർന്നെടുത്ത ആ അഞ്ച് യുവജനങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിലാണ് ചടങ്ങുകൾ സമാപിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി