ഒരു തുള്ളി ചായയ്ക്ക് പകരം വീണത് ചോരപ്പുഴ; നിലമ്പൂരിൽ നാടിനെ നടുക്കിയ കൊലപാതകം
നിലമ്പൂർ: ചായ നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മരുമകളെ അമ്മായിയമ്മ വെട്ടി. നിലമ്പൂർ പൂക്കോട്ടുംപാടം കൂറ്റമ്പാറ പള്ളിക്കുന്ന് കണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജിത (28) മരണപ്പെട്ടത്. സംഭവത്തിൽ ഭർതൃമാതാവ് ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. രജിതയുടെ 2 പെൺമക്കളുടെ മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം അരങ്ങേറിയത്..
'പലവട്ടം ചായ ചോദിച്ചിട്ടും കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്ന് ശാന്ത പോലീസിനോട് വെളിപ്പെടുത്തി. വിറക് വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് രജിതയെ ശാന്ത ആക്രമിച്ചത്. ശരീരമാസകലം വെട്ടേറ്റ രജിതയുടെ കഴുത്തിനേറ്റ ഗുരുതരമായ മുറിവാണ് മരണകാരണമായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. അമ്മയെ അക്രമത്തിൽ നിന്ന് രക്ഷിക്കാൻ മക്കൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.'
'വീട്ടിൽ നേരത്തെയും കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ട്. സംഭവസമയത്ത് രജിതയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ സുനിൽ ബാബു ജോലിക്ക് പോയിരിക്കുക ആയിരുന്നു.'
പൂക്കോട്ടുംപാടം പോലീസ് സ്ഥലത്തെത്തി ശാന്തയെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Comments
Post a Comment