പഠിക്കാനായി മുറിയിൽ കയറി, ഉച്ചയ്ക്ക് ഭക്ഷണത്തിന് വിളിച്ചപ്പോൾ മടക്കമില്ലാത്ത യാത്ര;
കടക്കൽ: വീടിനുള്ളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് കുമ്മിൾ ഗ്രാമം. കുമ്മിൾ പുല്ലുപണ ഇരട്ടകുളം നെല്ലിക്കാട്ടിൽ വീട്ടിൽ മുഹമ്മദ് റാഫി - ഷൈനിമോൾ ദമ്പതികളുടെ മകൾ ഫാത്തിമ മുബഷിറ (14) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ പഠിക്കാനായി മുറിയിൽ കയറിയതായിരുന്നു ഫാത്തിമ. ഉച്ചയ്ക്ക് 12 മണിയോടെ ഭക്ഷണത്തിനായി വിളിക്കാൻ ചെന്നപ്പോഴാണ് പെൺകുട്ടിയെ മുറിക്കുള്ളിൽ നിലത്ത് കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സഹോദരനും ബന്ധുക്കളും ചേർന്ന് കടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. സംഭവത്തിൽ കടക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണത്തിൽ കൃത്യമായ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടിയുടെ വേർപാട് സഹപാഠികളെയും നാടിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്

Comments
Post a Comment