ഇൻഡിക്കേറ്റർ ഇട്ട് തിരിയാൻ കാത്തുനിന്നു; നിയമം പാലിച്ചിട്ടും വിധി ചതിച്ചു;
തിരുവനന്തപുരം: നിയമങ്ങൾ പാലിച്ച് റോഡിൽ സിഗ്നൽ നൽകി നിൽക്കവെ അമിത വേഗതയില്‍ എത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കോലിയക്കോട് കീഴാമലയ്ക്കൽ ശാന്തിദീപം വീട്ടിൽ ഗംഗ (42) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന മകൻ അമർനാഥിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു..
തിങ്കളാഴ്ച രാവിലെ കോലിയക്കോടിനും, വേളാവൂരിനും ഇടയിലായിരുന്നു അപകടം. പോത്തൻകോട് ഭാഗത്തുനിന്നും വെഞ്ഞാറമൂട് ദിശയിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ഗംഗയും മകനും. കോലിയക്കോട് ഭാഗത്തുനിന്നും വലതുവശത്തുള്ള മൺവിളമുകൾ റോഡിലേക്ക് തിരിയുന്നതിനായി ഇൻഡിക്കേറ്റർ ഇട്ട് സ്കൂട്ടർ റോഡിൽ നിർത്തി. ഈ സമയം കണിയാപുരത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ അതിശക്തമായി ഇടിക്കുക ആയിരുന്നു..
ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ സ്കൂട്ടർ എതിർദിശയിൽ നിന്ന് വന്ന കാറിലും ഇടിച്ചു. ഉടൻതന്നെ ഗംഗയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മകൻ അമർനാഥ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൃത്യമായ സിഗ്നൽ നൽകി തിരിയാൻ കാത്തുനിന്ന സ്കൂട്ടറിനെ ബസ് ഇടിച്ചുതെറിപ്പിക്കുക ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു..

Comments
Post a Comment