കൂരാച്ചുണ്ട് മണിച്ചേരിയിൽ കഴിഞ്ഞ മഴക്കാലത്ത് ഉരുണ്ടു വന്ന ഭീതി ഒഴിഞ്ഞു; ദുർഘടപാത താണ്ടി കംപ്രസ്സറെത്തിച്ചു പാറ പൊട്ടിച്ചു
കൂരാച്ചുണ്ട്: കഴിഞ്ഞ മഴക്കാലത്ത് കൂരാച്ചുണ്ട് ഇല്ലിപ്പിലായി മണിച്ചേരി താഴ്ഭാഗത്ത് ഉരുണ്ടു വന്നു ഭീഷണിയായി നിന്ന കൂറ്റൻ പാറ കംപ്രസ്സർ ഉപയോഗിച്ച് പൊട്ടിച്ചു നീക്കി. കഴിഞ്ഞ ജൂൺ 27 നാണു കൂറ്റൻ പാറക്കല്ല് ഉരുണ്ടു വന്നു താഴ്ഭാഗത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന് ഭീഷണിയായി നിലകൊണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ പാറ പൊട്ടിച്ചു നീക്കാൻ നടപടി ആവശ്യപ്പെട്ടു കൊണ്ട് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സാരഥി കൂടെയായ ജില്ലാ കളക്ടർക്ക് പല കുറി നിവേദനം നല്കിയങ്കിലും നടപടിയൊന്നുമുണ്ടായില്ല.
(കൂരാച്ചുണ്ട് മണിച്ചേരി മലയിൽ കഴിഞ്ഞ വർഷം ഉരുണ്ടു വന്നു ഭീഷണി തീർത്ത ഭീമൻ പാറ.)
പാറക്കല്ലിനടുത്തേക്കെത്താൻ ദുർഘടം പിടിച്ച വഴിയും കനത്ത മഴയും അന്ന് വില്ലനായി നിന്നു. മുൻ വാർഡ് മെമ്പർ സിമിലി ബിജുവിന്റെ ആവശ്യപ്രകാരം രണ്ട് പ്രാവശ്യം പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദിന്റെ നേതൃത്വത്തിൽ പാറ നീക്കുവാനുള്ള നടപടി സ്വീകരിച്ചെങ്കിലും പാറ പൊട്ടിക്കുവാനുള്ള കംപ്രസ്സർ സ്ഥലത്തെത്തിക്കുവാൻ മാർഗമില്ലാതെ പിൻവാങ്ങുകയായിരുന്നു. പുതിയ ഭരണസമിയിലെ വാർഡ് മെമ്പർ സണ്ണി മാസ്റ്റർ കാനാട്ടും വൈസ് പ്രസിഡണ്ട് ബിജു കടലാശ്ശേരിയും അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാറും ചേർന്നാണ് പാറ പൊട്ടിച്ചു നീക്കുവാനുള്ള നടപടി സ്വീകരിച്ചത്. എർത്ത് മൂവിങ് കമ്പനി ഉടമ റഫീഖ് പള്ളിയാലിൽ ജെ സി ബി ഉപയോഗിച്ച് പാറയുടെ സമീപത്തേക്ക് പുതിയ റോഡ് വെട്ടിയാണ് കംപ്രസ്സർ മേലെ എത്തിച്ചത്. മലയുടെ താഴ്വാരത്ത് താമസിക്കുന്ന പത്തോളം കുടുംബങ്ങൾക്കാണ് ഭീമൻ പാറ മൂലമുള്ള ഭീഷണി ഒഴിവായിക്കിട്ടിയത്.


Comments
Post a Comment