ആകാശത്തേക്ക് പറന്ന വർണ്ണ ബലൂണുകൾ, ഓപ്പൺ ക്യാൻവാസിലെ കയ്യൊപ്പുകൾ; കൂരാച്ചുണ്ടിൽ പെൺകരുത്തിന്റെ വിളംബരം.
കൂരാച്ചുണ്ട് പഞ്ചായത്ത് കുടുംബശ്രീ 'ഷീ സ്മൈൽസ്' ശ്രദ്ധേയമായി; ത്രേസ്യാമ്മ കാരുവേലിലിനെ ആദരിച്ചു
കൂരാച്ചുണ്ട്: അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച ‘ഷീ സ്മൈൽസ്’ (She Smiles) പ്രോഗ്രാം ആവേശകരമായി. സ്ത്രീശക്തിയുടെയും ഒത്തൊരുമയുടെയും വിളംബരമായ പരിപാടി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ സുനിത ജോബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്നേഹിത കൗൺസിലർ മാജിത എ.കെ മുഖ്യപ്രഭാഷണവും ക്ലാസ്സും നയിച്ചു. ചടങ്ങിലെ ഏറ്റവും ഹൃദ്യമായ നിമിഷം മുതിർന്ന കുടുംബശ്രീ അംഗത്തെ ആദരിക്കലായിരുന്നു. ആറാം വാർഡിലെ സാധു ചൈതന്യ അയൽക്കൂട്ടം അംഗമായ ത്രേസ്യാമ്മ കാരുവേലിലിനെ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ചടങ്ങിൽ ആദരിച്ചു.
തങ്ങൾ ബഹുവിധ കഴിവുകളുള്ളവരാണെന്ന പ്രഖ്യാപനവുമായി പങ്കെടുത്ത അംഗങ്ങൾ ഓപ്പൺ ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തി. 14 വാർഡുകളിൽ നിന്നുള്ള സി.ഡി.എസ് മെമ്പർമാർ തിരികൾ തെളിയിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ലഭിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തി ഉയരങ്ങളിലേക്ക് പറന്നുയരുമെന്ന പ്രതിജ്ഞയോടെ അംഗങ്ങൾ വർണ്ണ ബലൂണുകൾ ആകാശത്തേക്ക് പറത്തി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലൻകുന്നേൽ, പഞ്ചായത്ത് മെമ്പർമാരായ ആൻസമ്മ എം.ജെ, അഡ്വ. വി.കെ ഹസീന, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട് എന്നിവർ ആശംസകൾ നേർന്നു. വൈസ് ചെയർപേഴ്സൺ സമീറ സ്വാഗതവും സി.ഡി.എസ് മെമ്പർ ജെസ്സി കരിമ്പനക്കൽ നന്ദിയും പറഞ്ഞു.
സി.ഡി.എസ് മെമ്പർമാരായ സുജാത പവിത്രൻ, സിനി മനോജ്, ശ്രുതി, ലീല ശ്രീധരൻ, ഉഷ രവീന്ദ്രൻ, അഫ്സത്ത്, റസീന, ഗീത ചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആറാം വാർഡ് സി.ഡി.എസ് മെമ്പർ അനിത ജോൺസൺ പരിപാടിയുടെ അവതാരകയായിരുന്നു. പ്രശസ്ത നാടൻ കലാകാരൻ ഹരിദാസ് വാളൂർകുളങ്ങര കുരുത്തോല രൂപങ്ങൾ കൊണ്ട് ഒരുക്കിയ വേദി അലങ്കാരം ഏറെ ശ്രദ്ധിക്കപ്പെട്ടു.




Comments
Post a Comment