കോടതി വെറുതെ വിട്ടു, പക്ഷേ മകൻ വിട്ടില്ല! നീറിപ്പുകഞ്ഞ പക; അപ്പന്റെ കൊലയാളിയെ മകൻ വെടിവെച്ചിട്ടത് ഏഴുവർഷത്തെ കാത്തിരിപ്പിന് ശേഷം
അങ്കമാലി: ഏഴുവർഷം മുൻപ് തൻ്റെ പിതാവിനെ തല്ലിക്കൊന്ന പ്രതിയെ പട്ടാപ്പകൽ വെടിവെച്ചു കൊന്ന് സൈനികനായ മകൻ പകവീട്ടി. മഞ്ഞപ്ര സ്വദേശിയായ കിലുക്കൻ ജോസ് ആണ് കൊല്ലപ്പെട്ടത്. അയൽവാസിയും സൈനികനുമായ കളപ്പറമ്പൻ പോളിയാണ് ജോസിനെ വെടിവെച്ചു കൊന്നത്. കൃത്യത്തിന് ശേഷം പോളി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഈ പ്രതികാര കഥ തുടങ്ങുന്നത് ഏഴെട്ട് വർഷം മുൻപാണ്. കളപ്പറമ്പൻ പോളിയുടെ പിതാവ് കളപ്പറമ്പൻ ജോസും അയൽവാസിയായ കിലുക്കൻ ജോസും തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. വർഷങ്ങൾ നീണ്ട ഈ തർക്കം ഒടുവിൽ കയ്യാങ്കളിയിലെത്തുകയും കിലുക്കൻ ജോസ് വടി കൊണ്ട് അടിച്ച് കളപ്പറമ്പൻ ജോസിനെ കൊലപ്പെടുത്തുകയുമായിരുന്നു. അന്ന് പിതാവ് കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലായിരുന്നു മകൻ പോളി.
കോടതി വെറുതെ വിട്ടു, പക്ഷേ പോളി വിട്ടില്ല!
പിതാവിന്റെ കൊലപാതകത്തിൽ കിലുക്കൻ ജോസിനെതിരെ കേസെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി ഇയാളെ വെറുതെ വിട്ടു. നിയമത്തിന് മുന്നിൽ നിന്നും രക്ഷപ്പെട്ട പ്രതി പുറത്തിറങ്ങി നടക്കുന്നത് പോളിക്ക് സഹിക്കാനായില്ല. ഉള്ളിൽ നീറിപ്പുകഞ്ഞ പ്രതികാരം ഇന്ന് മഞ്ഞപ്ര അയ്യമ്പുഴ റോഡിൽ കോതായി പാലത്തിന് സമീപം വെച്ച് വെടിയൊച്ചയായി മുഴങ്ങി. വഴിയിൽ വെച്ച് കിലുക്കൻ ജോസിനെ തടഞ്ഞുനിർത്തിയ പോളി തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രതി നേരെ പോലീസിന് മുന്നിലെത്തി കീഴടങ്ങുകയായിരുന്നു.

Comments
Post a Comment