അമ്മയുടെ ക്രൂരത; ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നു
വാമനപുരം കണിച്ചോട് ഒരു വയസുകാരി മരിച്ച സംഭവത്തില്‍ കുഞ്ഞിനെ കൊന്നതാണെന്ന് സമ്മതിച്ച് അമ്മ. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.
കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. പ്രതിക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാമനപുരം കണിച്ചോട് വാര്യംകോണം ചരുവിള പുത്തൻവീട്ടില്‍ അശ്വതി – സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയാണ് മരച്ചത്. അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോള്‍ കിടപ്പുമുറിയിലെ പായയില്‍ കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ചലനമറ്റ് കിടന്ന കുട്ടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്നതാണ് ആശുപത്രി അധികൃതരില്‍ നിന്നുള്ള വിവരം.
കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടതിനെത്തുടർന്ന് സ്വഭാവിക മരണമല്ലെന്ന് പോലീസിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിക്കുന്നത്. കുഞ്ഞിന് ഇടയ്ക്കിടെ അസുഖങ്ങള്‍ വരുന്നത് മൂലമുള്ള പ്രകോപനമാണ് കൃത്യം ചെയ്യാന് കാരണമെന്ന് അശ്വതി പോലീസിനോട് പറഞ്ഞതായാണ് അറിയുന്നത്.
തുടർന്ന് കൊലപാതകത്തില്‍ പ്രതിയായ അമ്മ അശ്വതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അശ്വതി കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊലപാതകശേഷം അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പോലീസ് പറഞ്ഞു.

Comments
Post a Comment