തെരുവ് നായ്ക്കൾക്ക് 'പ്രതിരോധ കവചം'; പേവിഷബാധ തടയാൻ കൂരാച്ചുണ്ട് പഞ്ചായത്തിന്റെ പടയൊരുക്കം.
കൂരാച്ചുണ്ട്: പഞ്ചായത്ത് പരിധിയിലെ അങ്ങാടികളിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കൾക്കായി വിപുലമായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിനും പേവിഷബാധ ഭീഷണിക്കും പരിഹാരം കാണുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയുന്നതിനും ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ വ്യക്തമാക്കി.
കൂരാച്ചുണ്ട് അങ്ങാടി കേന്ദ്രീകരിച്ച് നടന്ന ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വെറ്ററിനറി വിഭാഗം ഡോക്ടർ കാർത്തിക നേതൃത്വം നൽകി. വിദഗ്ധരായ ഡോഗ് ക്യാച്ചർമാരുടെ സഹായത്തോടെയാണ് നായ്ക്കളെ പിടികൂടി കുത്തിവെപ്പ് നടത്തിയത്. പ്രതിരോധ മരുന്ന് നൽകിയ നായ്ക്കളെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്.
വാർഡ് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിലും ക്യാമ്പയിനിലും പങ്കെടുത്തു. വരും ദിവസങ്ങളിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ കുത്തിവെപ്പ് തുടരുമെന്ന് അധികൃതർ അറിയിച്ചു
.

Comments
Post a Comment