മാലിന്യക്കുരുക്കിൽ ശ്വാസംമുട്ടി കൂരാച്ചുണ്ട് അങ്ങാടി തോട്; അധികൃതർ കണ്ണുതുറക്കണമെന്നു നാട്ടുകാർ
കൂരാച്ചുണ്ട്: മലയോര മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൂരാച്ചുണ്ട് ടൗണിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന അങ്ങാടി തോട് (ചന്തത്തോട്) നാശത്തിന്റെ വക്കിൽ. പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും അടിഞ്ഞുകൂടി തോടിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ച നിലയിലാണ്. വർഷങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തതാണ് തോട് ഇത്രയേറെ മലിനമാകാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ടൗണിൽ നിന്നുള്ള പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റ് അജൈവ മാലിന്യങ്ങളും തോട്ടിൽ വന്നടിയുന്നത് പതിവായിരിക്കുകയാണ്. മഴക്കാലത്ത് കുത്തിയൊഴുകിയെത്തുന്ന മാലിന്യങ്ങൾ വേനൽക്കാലമാകുന്നതോടെ തോട്ടിലെ പല ഭാഗങ്ങളിലായി കെട്ടിക്കിടക്കുന്നു. ഇത് തോടിനെ ഒരു വലിയ മാലിന്യത്തൊട്ടിയായി മാറ്റിയിരിക്കുകയാണ്. പലയിടങ്ങളിലും മൺതിട്ടകൾ രൂപപ്പെട്ടത് നീരൊഴുക്കിനെ പൂർണ്ണമായും തടസ്സപ്പെടുത്തുന്നു.
കൂരാച്ചുണ്ട് ടൗൺ മുതൽ മൂന്നാംമുക്ക്, പുളിവയൽ, ഓഞ്ഞിൽ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ തോട് ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ്. വേനൽക്കാലത്ത് ജലസേചന വകുപ്പിന്റെ തടയണകളിൽ വെള്ളം കെട്ടിനിർത്തുന്നതിലൂടെയാണ് ഈ പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് ഉയരുന്നത്. തോട് മലിനമാകുന്നതോടെ പരിസര പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ കൂടി ഉപയോഗശൂന്യമാകുമെന്ന ഭീതിയിലാണ് ജനങ്ങൾ.
തോട്ടിൽ പലയിടങ്ങളിലും കാടും മരങ്ങളും വളർന്നുനിൽക്കുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പാണ് ഇതിനു മുൻപ് ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. വേനൽ കടുക്കുന്നതോടെ തോട്ടിലെ വെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കാനും പകർച്ചവ്യാധികൾ പടരാനും സാധ്യതയേറെയാണ്.
ചന്തത്തോട് അടിയന്തരമായി ശുചീകരിച്ച് സംരക്ഷിക്കാൻ പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും തയ്യാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വരാനിരിക്കുന്ന മഴക്കാലത്തിന് മുമ്പായി മാലിന്യങ്ങളും മൺതിട്ടകളും നീക്കം ചെയ്തില്ലെങ്കിൽ വൻതോതിലുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Comments
Post a Comment