പിടിവിടാതെ അമ്മ ശ്രമിച്ചു, അമ്മയുടെ കണ്മുന്നിൽ വിധി തട്ടിയെടുത്ത കുഞ്ഞുജീവൻ

 


കൊട്ടാരക്കര: കളിചിരികൾ മായും മുൻപേ വിധി കവർന്നെടുത്ത ആറുവയസ്സുകാരി അവന്തികയുടെ വേർപാടിൽ വിങ്ങലടക്കാനാവാതെ ഒരു നാട് മുഴുവൻ. എഴുകോൺ കരീപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഏകമകൾ കിണറ്റിൽ വീണു മരിച്ച വാർത്ത നടുക്കത്തോടെയാണ് പ്രദേശം കേട്ടത്. ഉളകോട് ചരുവിള വീട്ടിൽ നിന്നു മുളവൂർക്കോണം കുപ്പണ രതീഷ് ഭവനിൽ താമസിക്കുന്ന ടി. അനന്തുവിന്റേയും ജി. ഗീതുവിന്റേയും മകൾ എ. അവന്തികയാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. സംഭവസമയത്ത് വീട്ടിൽ കുട്ടിയും അമ്മയും മാത്രമാണുണ്ടായിരുന്നത്. പറമ്പിൽ പപ്പായ പറിക്കാനായി തോട്ട എടുക്കാൻ അമ്മ വീടിനുള്ളിലേക്ക് പോയ നിമിഷനേരം കൊണ്ടാണ് ദുരന്തം സംഭവിച്ചത്.

കിണറിന് സമീപമിരുന്ന സ്റ്റൂളിൽ കയറി ആൾമറയിൽ പിടിച്ചു കയറാൻ ശ്രമിക്കുന്നതിനിടെ അവന്തിക പിടിവിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ ഗീതു കിണറ്റിലേക്ക് കൈനീട്ടി കുട്ടിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും പിടിവഴുതി കുട്ടി ആഴങ്ങളിലേക്ക് പതിച്ചു.

അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരിൽ ഒരാൾ ഉടൻ തന്നെ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ നെടുമൺകാവ് സി.എച്ച്.സിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മടന്തകോട് ഇ.വി.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അവന്തിക.

സംഭവമറിഞ്ഞ് എഴുകോൺ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഏകമകളുടെ അപ്രതീക്ഷിത വേർപാട് ആ കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി