അമ്മയില്ലാത്ത ലോകത്ത് തനിയെ വേണ്ട; മൃതദേഹത്തിനൊപ്പം രണ്ടുനാൾ, ഒടുവിൽ അമ്മയ്ക്കൊപ്പം മകനും മടങ്ങി"

 


ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മാതൃവിയോഗത്തിൽ മനംനൊന്ത് 42-കാരനായ ജ്യോതിഷി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹൈറൈസ് ബിൽഡിംഗിന്റെ 13-ാം നിലയിൽ നിന്ന് ചാടി മരിച്ച രാജ്‌വീർ എന്ന ജ്യോതിഷിയുടെ മരണത്തിന് പിന്നാലെ നടുക്കുന്ന വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

രാജ്‌വീറിന്റെ മരണശേഷം പോലീസ് ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 70 വയസ്സുകാരിയായ അമ്മ സത്നാമിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അമ്മ മരിച്ച് ഏകദേശം രണ്ട് ദിവസത്തോളം രാജ്‌വീർ ആ മൃതദേഹത്തോടൊപ്പം അതേ ഫ്ലാറ്റിൽ കഴിഞ്ഞതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 'അമ്മ മരിച്ചാൽ താനും മരിക്കും' എന്ന് രാജ്‌വീർ നേരത്തെ സുഹൃത്തുക്കളോടും അടുത്ത പരിചയക്കാരോടും പറഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്. അമ്മയുടെ ശരീരത്തിൽ പരിക്കുകളില്ലാത്തതിനാൽ സ്വാഭാവിക മരണമാണെന്നാണ് കരുതുന്നത്.

ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന രാജ്‌വീർ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ആത്മഹത്യ ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്റെ മൊബൈൽ ഫോണിന്റെ 'ലോക്ക് കോഡ്' രാജ്‌വീർ ഭാര്യയ്ക്ക് സന്ദേശമായി അയച്ചിരുന്നു. ഈ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സങ്കീർണ്ണമായ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഏകദേശം 16 ലക്ഷം രൂപയുടെ കടബാധ്യത ഇയാൾക്കുണ്ടായിരുന്നു. കൂടാതെ, ഹരിയാന സ്വദേശിനിയായ ഒരു യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്നും താൻ വിവാഹമോചിതനാണെന്ന് വിശ്വസിപ്പിച്ച് അവരെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തി.

വർഷങ്ങൾക്ക് മുമ്പ് അച്ഛനും സഹോദരനും മരിച്ചതോടെ രാജ്‌വീർ മാനസികമായി തളർന്നിരുന്നതായും അയൽക്കാരുമായി അധികം ഇടപഴകിയിരുന്നില്ലെന്നും പോലീസ് പറയുന്നു. ഭാര്യയും മകനും നിലവിൽ മാറി താമസിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും താങ്ങാനാവത്ത അമ്മയുടെ വിയോഗവുമാണ് ഇയാളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി