കൂരാച്ചുണ്ടിൽ വീണ്ടും കാട്ടാനയാക്രമണം: വ്യാപകമായ കൃഷിനാശം; ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു
കൂരാച്ചുണ്ട്: മലയോര മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഒമ്പതാം വാർഡ് മണ്ടോപ്പാറ ഭാഗത്ത് ഇന്നലെ രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശമാണ് വരുത്തിവെച്ചത്. പ്രദേശവാസികളായ കല്ലറക്കൽ അപ്പച്ചൻ, ടോമി എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആനകൾ താണ്ഡവമാടിയത്.
ഇന്നലെ രാത്രിയോടെ കാടിറങ്ങിയ ആന,രാത്രി വൈകി ജനവാസ മേഖലയിലിറങ്ങിയ ആനകൾ, ഇവരുടെ പുരയിടത്തിലെ കുലച്ചതും അല്ലാത്തതുമായ നൂറിലധികം വാഴകൾ പൂർണ്ണമായും നശിപ്പിച്ചു. കൂടാതെ തെങ്ങ്, കമുക് തുടങ്ങിയ ഇതര കൃഷികൾക്കും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. . ഏറെ പ്രയത്നപ്പെട്ട് വളർത്തിയെടുത്ത കൃഷികൾ വിളവെടുപ്പിന് പാകമായ സമയത്താണ് കാട്ടാനകൾ നശിപ്പിച്ചത്
ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് ആന കൃഷിയിടത്തിൽ നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി.
മണിക്കൂറുകളോളം പ്രദേശത്ത് നിലയുറപ്പിച്ച ആനയെ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും വലിയ രീതിയിൽ ബഹളം വെച്ചുമാണ് നാട്ടുകാർ തുരത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആന വനമേഖലയിലേക്ക് പിൻവാങ്ങി.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കൂരാച്ചുണ്ട്, മണ്ടൊപ്പാറ പരിസരങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഓരോ തവണയും ഉണ്ടാകുന്നത്
പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു
വിവരമറിഞ്ഞതിനെ തുടർന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡൻ്റ് ബിജു കടലശ്ശേരി, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, വാർഡ് മെമ്പർമാരായ ബിന്ദുമോൾ തോമസ്, സണ്ണി കാനാട്ട്, യുഡിവൈഎഫ് ചെയർമാൻ സന്ദീപ് കളപുരക്കൽ തുടങ്ങിയവർ ഇന്ന് രാവിലെ സ്ഥലം സന്ദർശിച്ചു. കർഷകർ നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് ബോധ്യപ്പെട്ടതായും, അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ വനംവകുപ്പിനോട് ആവശ്യപ്പെടുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധമുയർത്തി.
കാട്ടാനശല്യം തടയുന്നതിനായി വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. കൃഷി നശിച്ചതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് കർഷക കുടുംബങ്ങൾ.


Comments
Post a Comment