ദുരന്തമായി മാറിയ വൈകുന്നേരം;തലയാട് വാഹനാപകടം: തലയാട് വാഹനാപകടത്തിൽ ഒരു മരണം ;കാർ ഓടിച്ചിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക്
തലയാട്: വൈകുന്നേരം തലയാട് താഴെ അങ്ങാടിയിലുണ്ടായ വാഹനാപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. കുന്നമംഗലം സ്വദേശി മുഹമ്മദ് കോയ ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈകുന്നേരത്തോടെ തലയാട് താഴെ അങ്ങാടിയിലുള്ള ഒരു കടയിലേക്ക് പൈപ്പുകൾ ഇറക്കുന്നതിനായി പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം നിയന്ത്രണം വിട്ടു വന്ന കാർ പിക്കപ്പ് വാനിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പൈപ്പ് ഇറക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന ഡ്രൈവർ മുഹമ്മദ് കോയയ്ക്ക് ഇടിയുടെ ആഘാതത്തിൽ മാരകമായി പരിക്കേറ്റു.
അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും വ്യാപാരികളും ചേർന്നാണ് പരിക്കേറ്റവരെ വാഹനങ്ങളിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് കോയയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സ്ത്രീയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാരെ പോലീസെത്തിയാണ് നിയന്ത്രിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Comments
Post a Comment