ആധുനിക അടുക്കളകളിൽ നിന്ന് വിറകടുപ്പുകളിലേക്ക്; തലയാട്ടെ ഹോട്ടലുകളിൽ ഗ്യാസ് ക്ഷാമം കടുക്കുന്നു
തലയാട്: പാചകവാതക ക്ഷാമം രൂക്ഷമായതോടെ മേഖലയിലെ ഹോട്ടലുകളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും കടുത്ത പ്രതിസന്ധിയിലായി. സിലിണ്ടറുകൾ കിട്ടാക്കനിയായതോടെ പാചകവാതകത്തെ മാത്രം ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന ഒട്ടേറെ ചെറുകിട ഹോട്ടലുകൾ ഇതിനോടകം പൂട്ടി. വരും ദിവസങ്ങളിലും പ്രതിസന്ധി തുടർന്നാൽ കൂടുതൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പല ഹോട്ടലുടമകളും വിറകടുപ്പുകളിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്. എന്നാൽ വിറകിനും വൻ വില നൽകേണ്ടി വരുന്നത് തിരിച്ചടിയാവുകയാണ്. വിറക് എത്തിക്കുന്നതിനുള്ള കൂലി ഉൾപ്പെടെയുള്ള അധികച്ചെലവ് ഹോട്ടൽ നടത്തിപ്പിനെ ദോഷകരമായി ബാധിക്കുന്നതായി ഉടമകൾ പറയുന്നു.
പാചകവാതക ക്ഷാമം തുടങ്ങിയതോടെ തലയാട് മേഖലയിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. ഹോട്ടലുകൾ പ്രവർത്തിപ്പിക്കാൻ ഉയർന്ന വില നൽകി സിലിണ്ടറുകൾ സംഘടിപ്പിക്കേണ്ടി വരുന്നത് മൂലമാണ് വില വർധിപ്പിക്കേണ്ടി വരുന്നതെന്നാണ് ഉടമകളുടെ വിശദീകരണം. ഇതോടെ സാധാരണക്കാരായ ഉപഭോക്താക്കൾക്കും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും വേഗം ഇടപെടൽ ഉണ്ടായില്ലെങ്കിൽ മേഖലയിലെ ഹോട്ടൽ വ്യവസായം പൂർണ്ണമായും തകരുമെന്ന ഭീതിയിലാണ് തൊഴിലാളികളും ഉടമകളും.

Comments
Post a Comment