വീല്‍ചെയറിലിരുന്ന് ഐഎഎസ് പടവുകള്‍ കയറി കോഴിക്കോട്ടുകാരി. ഡോക്ടറില്‍ നിന്ന് കലക്ടറേറ്റിലേക്ക് ആതിര സുഗതൻ..

 


കോഴിക്കോട്:   ഓർമകളും ചലനശേഷിയും കവർന്നെടുത്ത വാഹനാപകടത്തിന്റെ ആഘാതങ്ങളെ അതിജീവിച്ച്‌, സിവില്‍ സർവീസ് പരീക്ഷയില്‍ 483-ാം റാങ്ക് നേടിയാണ് ഈ കോഴിക്കോട്ടുകാരി തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. പരിമിതികളെ പരിഭവിച്ചല്ല, പരിശ്രമം കൊണ്ട് മറികടക്കുകയാണ് വേണ്ടതെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഈ മിടുക്കി.

നാല് വർഷത്തെ നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമൊടുവില്‍ നാലാം ശ്രമത്തിലാണ് ആതിര സിവില്‍ സർവീസ് എന്ന ലക്ഷ്യത്തിലെത്തിയത്. മലയാളം ഓപ്ഷണല്‍ ആയി തിരഞ്ഞെടുത്ത ആതിര, മലയാളത്തിലാണ് അഭിമുഖത്തെയും നേരിട്ടത്. മൂന്ന് തവണ പരാജയപ്പെട്ടപ്പോഴും തളരാതെ മുന്നേറിയതാണ് ആതിരയെ ഈ നേട്ടത്തിന് അർഹയാക്കിയത്.

ബി.ഡി.എസ്. ബിരുദധാരിയായ ആതിരയുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയത് കോവിഡ് കാലത്തെ സന്നദ്ധസേവനമാണ്. ഭിന്നശേഷിക്കാർക്കായി നടത്തിയ പ്രവർത്തനങ്ങളില്‍ വോളന്റിയറായി സേവനം ചെയ്തതും 'ചിത്രശലഭം' എന്ന പ്രോജക്റ്റില്‍ പങ്കാളിയായതുമാണ് ആതിരയെ സിവില്‍ സർവീസ് എന്ന വലിയ ലക്ഷ്യത്തിലേക്ക് നയിച്ചത്. വെറുമൊരു കരിയർ എന്നതിലുപരി ഒരു സേവന മേഖലയായാണ് ആതിര സിവില്‍ സർവീസിനെ കാണുന്നത്.

പകല്‍ വെളിച്ചവും രാത്രിയുടെ നിശബ്ദതയും ആതിരയ്ക്ക് പഠനത്തിനുള്ള സമയമായിരുന്നു. ദിവസവും നാല് മണിക്കൂർ മാത്രമാണ് ആതിര ഉറങ്ങിയിരുന്നത്. ബാക്കി സമയം മുഴുവൻ ഏകാഗ്രമായ പഠനത്തിനായി നീക്കിവെച്ചു. "പഠനമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല. വിട്ടുവീഴ്ചയില്ലാത്ത പരിശ്രമം മാത്രമായിരുന്നു കൈമുതല്‍"- ആതിരയുടെ വാക്കുകളില്‍ ആത്മവിശ്വാസം നിഴലിക്കുന്നു.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുൻനിരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ജോബിൻ എസ്. കൊട്ടാരം ആവിഷ്കരിച്ച 'പ്രൊജക്റ്റ്‌ ചിത്രശലഭം' എന്ന പദ്ധതിയാണ് ആതിരയുടെ വിജയത്തില്‍ നിർണ്ണായകമായത്. അഞ്ച് വർഷങ്ങള്‍ക്ക് മുൻപ് ഭിന്നശേഷിക്കാർക്കും സിവില്‍ സർവീസ് എഴുതാം എന്ന ഡോ. ജോബിന്റെ വീഡിയോ കണ്ടതാണ് ആതിരയുടെ ജീവിതത്തിലെ വഴിത്തിരിവ്. ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികള്‍ ഇല്ലാതിരുന്ന കാലത്ത് ആതിരയെ ആദ്യ വിദ്യാർത്ഥിയായി ചേർത്താണ് ഡോ. ജോബിൻ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ റോയ് പോള്‍, മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ്, ഡോ. എം.സി. ദിലീപ് കുമാർ തുടങ്ങിയ പ്രഗത്ഭരുടെ കീഴില്‍ ലഭിച്ച ഇന്റർവ്യൂ പരിശീലനം ആതിരയ്ക്ക് വലിയ മുതല്‍ക്കൂട്ടായി. ഷെറിൻ ഷഹാനയെയും എ.കെ. ശാരികയെയും പോലുള്ള പ്രതിഭകള്‍ക്ക് പിന്നാലെ ഇപ്പോള്‍ ആതിരയും സിവില്‍ സർവീസിന്റെ പടവുകള്‍ കയറുകയാണ്. വാഹനാപകടത്തില്‍ അരയ്ക്ക് താഴെ ചലനശേഷിയും ഓർമശക്തിയും നഷ്ടപ്പെട്ട ഇരുളടഞ്ഞ നാളുകളില്‍ നിന്ന്, ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങളിലേക്ക് പടർന്നുകയറുന്ന ആതിര സുഗതൻ വരുംതലമുറയിലെ ഉദ്യോഗാർത്ഥികള്‍ക്ക് വലിയൊരു പാഠപുസ്തകമാണ്.. ❤️👏👏

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി