ശാരദയുടെ കരുതലിൻ്റെ തണലും; അഡോറ സൊസൈറ്റിയും പഞ്ചായത്തും കൈകോർത്തപ്പോൾ ഉന്നതിക്ക് ശുദ്ധജലം



കക്കയം: നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അമ്പലക്കുന്ന് ഉന്നതി നിവാസികൾക്കായി നടപ്പിലാക്കിയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് അവർ പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ വികസനത്തിനായി ജനങ്ങളും ഭരണകൂടവും കൈകോർത്തതിന്റെ ഉത്തമ ഉദാഹരണമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാതൃകയായി ശാരദ; സഹകരണവുമായി അഡോറ ചാരിറ്റബിൾ സൊസൈറ്റി

പദ്ധതിക്കാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകിയ ഉന്നതി നിവാസി ശാരദയുടെ മാതൃകാപരമായ പ്രവർത്തനം ചടങ്ങിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡോറ ചാരിറ്റബിൾ സൊസൈറ്റിയാണ് പദ്ധതിയുടെ ഭാഗമായുള്ള കുഴക്കിണർ നിർമ്മിച്ച് നൽകിയത്. പഞ്ചായത്ത് അനുവദിച്ച 8 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതിയുടെ ബാക്കി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലൻകുന്നേൽ, വാർഡ് മെമ്പർ ബിന്ദു കുര്യൻ ആനിക്കാട്ട്, ഊര് മൂപ്പൻ ബിജു വേലായുധൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സിഡിഎസ് മെമ്പർ അനിത ജോൺസൺ, എഡിഎസ് സെക്രട്ടറി സിമി ജോൺസൺ, ആൻഡ്രൂസ് കട്ടിക്കാന, സന്ദീപ് കളപ്പുരക്കൽ, രാജേഷ് മണി പനക്കൽ തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു.

പദ്ധതി യാഥാർത്ഥ്യമായതോടെ ഉന്നതി മേഖലയിലെ നിരവധി കുടുംബങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി