കുഴിച്ചത് കിണർ, എത്തിയത് മെട്രോ തുരങ്കത്തിൽ




 പൂനെ: നഗരമധ്യത്തിൽ അതീവ സുരക്ഷയുള്ള ഭൂഗർഭ മെട്രോ തുരങ്കത്തിലേക്ക് കുഴൽക്കിണർ തുരന്നു കയറി. ശിവാജി റോഡിലെ മണ്ടായി സ്റ്റേഷന് സമീപമാണ് സംഭവം. യാതൊരുവിധ മുൻകൂർ അനുമതിയും കൂടാതെ നടത്തിയ നിർമ്മാണപ്രവർത്തനമാണ് മെട്രോ പാതയ്ക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തിയത്. സംഭവത്തിൽ റസിഡൻഷ്യൽ കെട്ടിട ഉടമയെയും ബോർവെൽ കരാറുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു.


ഭൂനിരപ്പിൽ നിന്നും ഏകദേശം 80 മുതൽ 100 അടി വരെ താഴ്ചയിലുള്ള മെട്രോ തുരങ്കത്തിന്റെ കോൺക്രീറ്റ് പാളികൾ ഭേദിച്ചാണ് ഡ്രില്ലിംഗ് മെഷീന്റെ ബിറ്റ് അകത്തേക്ക് കടന്നത്. ശിവാജിനഗർ - സ്വാർഗേറ്റ് പാതയിലെ തുരങ്കത്തിനുള്ളിൽ ആറിഞ്ച് വ്യാസമുള്ള ദ്വാരമുണ്ടാകുകയും ട്രാക്കിലേക്ക് വെള്ളം കുത്തിയൊലിക്കുകയും ചെയ്തു. ഭാഗ്യവശാൽ ആ സമയത്ത് മെട്രോ ട്രെയിനുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.


മെട്രോ പാത കടന്നുപോകുന്ന സ്ഥലത്തിന്റെ ഇരുവശങ്ങളിലും 50 മീറ്റർ ചുറ്റളവിൽ  ഏതെങ്കിലും തരത്തിലുള്ള ഖനനമോ നിർമ്മാണമോ നടത്താൻ മഹാമെട്രോയുടെ കർശനമായ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ജനവാസ മേഖലയിലെ കെട്ടിടത്തിൽ കുഴൽക്കിണർ നിർമ്മാണം നടന്നത്.

തുരങ്കത്തിനുള്ളിൽ പെട്ടെന്നുണ്ടായ വിള്ളലും വെള്ളമൊഴുക്കും ശ്രദ്ധയിൽപ്പെട്ട മെട്രോ അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മെട്രോ റെയിൽവേ നിയമപ്രകാരവും പൊതുമുതൽ നശിപ്പിച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. തുരങ്കത്തിലെ കേടുപാടുകൾ പരിഹരിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി