മൈസൂരുവിൽ ബസ് ഡിവൈഡറിലിടിച്ചു കയറി അപകടം: നാല് മലയാളികൾ മരിച്ചു; മരിച്ചവരിൽ മൂന്ന് പേർ കൊയിലാണ്ടി സ്വദേശികൾ
മൈസൂരു: പെരുന്നാൾ അവധി കഴിഞ്ഞ് മടങ്ങിയ പ്രവാസികളെയും വിദ്യാർത്ഥികളെയും കണ്ണീരിലാഴ്ത്തി കർണാടകയിലെ ചന്നപട്ടണയിൽ ഉണ്ടായ ബസ് അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ ട്രാവൽസിന്റെ സ്വകാര്യ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
കൊയിലാണ്ടി സ്വദേശി കളായ മുഹമ്മദ് ഫർഹാൻ (22) റഫീസ് (45) റഷീദ് (45) മാഹി സ്വദേശിയായസാക്കിർ (27) എന്നിവരാണ് മരിച്ചത്
തിങ്കളാഴ്ച പുലർച്ചെ ചന്നപട്ടണയ്ക്ക് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലെത്തി, തിരികെ ജോലിസ്ഥലങ്ങളിലേക്കും കോളജുകളിലേക്കും മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നവരിലേറെയും. മരിച്ച ഫർഹാൻ ബംഗളൂരുവിൽ വിദ്യാർത്ഥിയാണ്. അപകടത്തിൽ പരിക്കേറ്റ രണ്ട് യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തെത്തുടർന്ന് തകർന്ന ബസിനുള്ളിൽ നിന്നും ഏറെ ശ്രമപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നിലവിൽ മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. സംഭവത്തിൽ ചന്നപട്ടണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Comments
Post a Comment