ചക്കിട്ടപാറ, താന്നിയോട് വൻ തീപിടിത്തം: ഏക്കറക്കണക്കിന് കൃഷിഭൂമി കത്തിനശിച്ചു
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപ്പെട്ട താന്നിയോട് കോട്ടക്കുന്ന് മേഖലയിൽ കനത്ത തീപിടിത്തം. കൃഷിയിടങ്ങളിലേക്ക് പടർന്ന തീയിൽ വ്യാപകമായ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വാഴവേലിൽ മേരിക്കുട്ടി, പണിക്കണ്ടി ശങ്കരൻ, ചെറിയേരിക്കണ്ടി അശോകൻ, വി.പി. കുഞ്ഞമ്മദ് മരുതോറ, കെ.വി. ബാലകൃഷ്ണൻ കാട്ടശ്ശേരി എന്നിവരുടെ കൃഷിയിടങ്ങളിലാണ് പ്രധാനമായും നാശനഷ്ടങ്ങൾ സംഭവിച്ചത്.
വിവരം അറിഞ്ഞ ഉടൻ പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും, കുന്നിൻ മുകളിലേക്ക് റോഡ് സൗകര്യം ഇല്ലാതിരുന്നത് വലിയ പ്രതിസന്ധിയായി. വാഹനങ്ങൾക്ക് സംഭവസ്ഥലത്തേക്ക് എത്താൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.
അഗ്നിശമന സേനയ്ക്ക് എത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ, നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണ് മണിക്കൂറുകളോളം പരിശ്രമിച്ച് തീയണച്ചത്. വാർഡ് മെമ്പർമാരായ മൊയ്‌തീൻ കോടേരി, ബാബു പള്ളിക്കുടം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സന്തോഷ് കോക്കുന്നുമ്മൽ, സുരേഷ് കോട്ടക്കുന്നുമ്മൽ, ബാലൻ മുക്കള്ളിൽ മീത്തൽ, മൊയ്തു താന്നിയോട്, കെ. ഹനീഫ, കെ.കെ. വാസു, മത്തായി മുക്കള്ളിൽ, നാഗപ്പള്ളി നാരായണൻ, പനയുള്ളകണ്ടി ബാബു, പനയുള്ളകണ്ടി ചന്ദ്രൻ, മനോജ് കോട്ടക്കുന്നുമ്മൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ തീയണയ്ക്കാൻ രംഗത്തിറങ്ങിയത്.
വേനൽ കടുത്തതോടെ ഉണങ്ങിനിന്ന പുല്ലിനും കൃഷികൾക്കും തീപിടിച്ചത് നാശത്തിന്റെ ആക്കം കൂട്ടി. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾക്ക് വലിയ തോതിൽ നാശം സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Comments
Post a Comment