ബാലുശ്ശേരിയിൽ യുവതരംഗം; കൂരാച്ചുണ്ടിൽ ആവേശക്കടലായി സൂരജിന്റെ പര്യടനം
കൂരാച്ചുണ്ട്: ബാലുശ്ശേരി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി സൂരജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോ മണ്ഡലത്തിൽ ആവേശത്തിരയിളക്കി. ഉള്ളിയേരിയിൽ നിന്നാരംഭിച്ച പര്യടനം നടുവണ്ണൂർ, കൂട്ടാലിട, കായണ്ണ വഴി കൂരാച്ചുണ്ടിൽ സമാപിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എരപ്പാംതോട്നിന്നും യു.ഡി.എഫ് പ്രവർത്തകർ സ്ഥാനാർത്ഥിയെ കൂരാച്ചുണ്ടിലേക്ക് ആനയിച്ചു.
വഴിയിലുടനീളം സ്ത്രീകളടക്കമുള്ള വോട്ടർമാർ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തുനിന്നു. യുവത്വത്തിന്റെ കരുത്തുമായി എത്തിയ വി.ടി സൂരജിന് വൻ ജനപിന്തുണയാണ് മലയോര മേഖലയിൽ ലഭിക്കുന്നത്. കഴിഞ്ഞ വർഷങ്ങളായി മണ്ഡലം ഭരിക്കുന്ന എൽ.ഡി.എഫ് എം.എൽ.എമാർ കൂരാച്ചുണ്ട് പഞ്ചായത്തിന്റെ വികസന കാര്യത്തിൽ തികഞ്ഞ അവഗണനയാണ് കാട്ടിയതെന്ന പരാതി വോട്ടർമാർക്കിടയിൽ ശക്തമാണ്. ഈ സാഹചര്യത്തിൽ, ഊർജ്ജസ്വലനായ വിദ്യാർത്ഥി പ്രസ്ഥാന നേതാവിനെ തന്നെ കളത്തിലിറക്കിയത് യു.ഡി.എഫ് ക്യാമ്പുകളിൽ വലിയ ആത്മവിശ്വാസം പകർന്നിട്ടുണ്ട്.
കൂരാച്ചുണ്ട് പഞ്ചായത്തിനെ നേരിട്ട് ബാധിക്കുന്ന വന്യമൃഗശല്യം തടയുന്നതിൽ നിലവിലെ ജനപ്രതിനിധി പരാജയപ്പെട്ടുവെന്ന് യു.ഡി.എഫ് ആരോപിച്ചു. ടൂറിസം മേഖലയിൽ നിന്ന് പഞ്ചായത്തിന് ലഭിക്കേണ്ട വരുമാന വിഹിതം തടയപ്പെട്ടതും, കാർഷിക-വ്യാവസായിക മേഖലകളിൽ പുതിയ സംരംഭങ്ങൾ ഇല്ലാത്തതും ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വികസനപ്പെരുമഴയെന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോഴും അടിസ്ഥാന പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് ഇടത് എം.എൽ.എ സ്വീകരിച്ചതെന്ന് വോട്ടർമാർ കുറ്റപ്പെടുത്തുന്നു. മാറ്റത്തിന് സമയമായെന്ന സൂചനയാണ് റോഡ് ഷോയ്ക്ക് ലഭിച്ച വൻ ജനപങ്കാളിത്തം വ്യക്തമാക്കുന്നത്.
യു.ഡി.എഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഡോ. നിസാർ ചേലേരി റോഡ് ഷോയ്ക്ക് നേതൃത്വം നൽകി. പ്രമുഖ പ്രാദേശിക നേതാക്കളായ ഷാജു കാരക്കട ഒ.കെ അമ്മദ്, വി.എസ് ഹമീദ്, ജെറി കുര്യാക്കോസ്, കുര്യൻ ചെമ്പനാനി, അസീസ് ഓണാട്ട്, നിസാം കക്കയം, സന്ദീപ് കളപ്പുരയ്ക്കൽ, അസീസ് ഹാജി വട്ടുകുനി,ജ്യോതിഷ് രായപ്പൻകണ്ടി, മുഹമ്മദ് കൊടക്കൽ, സുബിൻ ഷാജി, ബൈസ്ലിൻ മടത്തിനാൽ, രാഹുൽ രാഘവൻ, അഭിനവ് ബാവൂസ് , ഷാരോൺ, ദീപു തുടങ്ങിയവർ സംബന്ധിച്ചു




Comments
Post a Comment