'മിസൈലുകൾ തലയ്ക്കു മുകളിലൂടെ, ജനലുകൾ വിറയ്ക്കുന്നു'; ഖത്തറിലെ യുദ്ധാന്തരീക്ഷം വിവരിച്ച് കൂരാച്ചുണ്ട് സ്വദേശി
ദോഹ/കൂരാച്ചുണ്ട്: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ പോരാട്ടം ശക്തമായതോടെ ഖത്തറിലെ പ്രവാസികൾ കടുത്ത ആശങ്കയിൽ. ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ മിസൈൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഖത്തറിലെ മദീനത്ത് ഖലീഫയിൽ ജോലി ചെയ്യുന്ന കൂരാച്ചുണ്ട് സ്വദേശി വിപിൻ , നേരിട്ട് കണ്ട യുദ്ധഭീകരത 'കൂരാച്ചുണ്ട് ന്യൂസിനോട്' പങ്കുവെക്കുന്നു.
ആകാശത്ത് മിസൈൽ പൂത്തിരികൾ; താഴെ വിറയ്ക്കുന്ന വീടുകൾ
കഴിഞ്ഞ രണ്ട് ദിവസമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. "വീടിന്റെ ടെറസിൽ നിന്നാൽ മിസൈലുകൾ ആകാശത്തുകൂടി പായുന്നതും അവ തകർക്കുന്നതും വ്യക്തമായി കാണാം. ദൂരെ നിന്ന് നോക്കുമ്പോൾ പടക്കം പൊട്ടുന്നത് പോലെ തോന്നുമെങ്കിലും വലിയ ഭീകരാന്തരീക്ഷമാണ് പുറത്തുള്ളത്," വിപിൻ പറയുന്നു. സ്ഫോടനങ്ങളുടെ ആഘാതത്തിൽ വീടുകളുടെ ജനലുകളും വാതിലുകളും ശക്തമായി കുലുങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
അകത്തിരുന്നാലും വിറയ്ക്കുന്ന വീടുകൾ
"വീടിന്റെ ജനലുകളും വാതിലുകളും നിരന്തരം കുലുങ്ങിക്കൊണ്ടിരിക്കുകയാണ്. ഭീകരമായ ശബ്ദമാണ് പുറത്ത് കേൾക്കുന്നത്," വിപിൻ പറയുന്നു. ഇറാൻ മിസൈൽ ആക്രമണം ശക്തമാക്കിയതോടെ ആകാശത്ത് മിസൈലുകൾ പായുന്നതും അവ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കുന്നതും ടെറസിൽ നിന്നാൽ നേരിട്ട് കാണാൻ സാധിക്കുന്നുണ്ട്. ദൂരക്കാഴ്ചയിൽ പടക്കം പൊട്ടുന്നത് പോലെ തോന്നുമെങ്കിലും വലിയൊരു യുദ്ധത്തിന്റെ ഭീകരതയാണ് ഓരോ നിമിഷവും അനുഭവപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കേറ്റവരും ലേബർ ക്യാമ്പിലെ അപകടവും
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 16 പേർക്ക് പരിക്കേറ്റു, ഇന്നലെ നിയന്ത്രണം വിട്ട ഒരു മിസൈൽ ലേബർ ക്യാമ്പിന് മുകളിലാണ് പതിച്ചത്. ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട് ഇന്നും രാവിലെയും പ്രദേശത്ത് ശക്തമായ മിസൈൽ ശബ്ദങ്ങൾ കേട്ടതായി പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
സർക്കാർ ജാഗ്രതാ നിർദ്ദേശം
ബഹ്റൈനിലും ദുബൈയിലും സമാനമായ രീതിയിൽ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന വാർത്തകൾ പ്രവാസികൾക്കിടയിൽ പരിഭ്രാന്തി വർദ്ധിപ്പിക്കുന്നുണ്ട്. ഇറാൻ ആത്മീയ നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ ആക്രമണം ഇത്രത്തോളം ശക്തമായത്. പ്രിയപ്പെട്ടവരുടെ സുരക്ഷയെ ഓർത്ത് നാട്ടിലുള്ള കുടുംബാംഗങ്ങളും വലിയ ആശങ്കയിലാണ്.

Comments
Post a Comment