ചക്കിട്ടപ്പാറ ഇ.എം.എസ് സ്റ്റേഡിയത്തിൽ ബസ് അഭ്യാസപ്രകടനം: ഒളിമ്പ്യന്മാരുടെ മണ്ണിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടമെന്ന് പരാതി
ചക്കിട്ടപ്പാറ: നാടിന്റെ അഭിമാനമായ കായികതാരങ്ങളെ വാർത്തെടുത്ത ചക്കിട്ടപ്പാറ ഇ.എം.എസ് സ്റ്റേഡിയത്തിൽ സ്വകാര്യ ബസ് ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം. അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ ജിൻസൺ ജോൺസൺ അടക്കമുള്ള പ്രമുഖർ കായികപാഠങ്ങൾ അഭ്യസിച്ച മണ്ണിലാണ് നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ഈ അതിക്രമം നടന്നത്. വൈകുന്നേരങ്ങളിൽ ഫുട്ബോൾ, വോളിബോൾ പരിശീലനത്തിനായി നൂറുകണക്കിന് കായികതാരങ്ങൾ ഒത്തുചേരുന്ന സമയത്താണ് ഗ്രൗണ്ടിലേക്ക് ബസ് ഓടിച്ചു കയറ്റിയത്. ഇത് വലിയ അപകടസാധ്യതയാണ് സൃഷ്ടിച്ചത്.
സമീപത്തെ സ്കൂൾ, ബി.എഡ്, ബി.പി.എഡ് കോളേജുകളിലെ വിദ്യാർത്ഥികൾ കായിക പരിശീലനത്തിനായി പ്രധാനമായും ആശ്രയിക്കുന്ന സ്റ്റേഡിയമാണിത്. എന്നാൽ അടുത്തകാലത്തായി രാത്രികാലങ്ങളിൽ സ്റ്റേഡിയം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഗ്രൗണ്ടിന്റെ പവിത്രത തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പതിവാകുന്നത് കായിക പ്രേമികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. അപകടകരമായ രീതിയിൽ വാഹനമോടിച്ചവർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് ആർ.ടി.ഒയ്ക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കായിക ഗ്രാമത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്താനാണ് നാട്ടുകാരുടെ തീരുമാനം.

Comments
Post a Comment