വയലട റോഡിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് സാരമായ പരിക്ക്

 


വയലട: പുനരുദ്ധാരണം പൂർത്തിയാക്കി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോഡിൽ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് അപകടക്കെണിയാകുന്നു. കുറുമ്പൊയിൽ - വയലട റോഡിൽ തോരാട് ഭാഗത്ത് സംരക്ഷണ ഭിത്തിയില്ലാത്തതിനെ തുടർന്ന് ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവറും ഉടമയുമായ വയലട ആനയിൽ ജോസഫ് (തങ്കച്ചൻ, 57), തോട്ടം തൊഴിലാളിയായ പൂക്കാട് സ്വദേശി മാധവൻ എന്നിവർക്കാണ് പരിക്കേറ്റത്.



വയലടയിൽ നിന്നും കുറുമ്പൊയിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. തോരാട് ഭാഗത്തെ ഇറക്കം ഇറങ്ങി വരുന്നതിനിടെ റോഡരികിലെ തെങ്ങിൽ നിന്നും ഓല വീണത് കണ്ട് ഓട്ടോ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായത്. റോഡിന് പാർശ്വഭിത്തി ഇല്ലാതിരുന്നതിനാൽ ഓട്ടോറിക്ഷ നേരിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജോസഫ് സ്വകാര്യ ആശുപത്രിയിലും, മാധവൻ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.


ഏകദേശം 8.8 കോടി രൂപ വിനിയോഗിച്ച് നവീകരിച്ച റോഡിലാണ് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് അപകടം നടന്നത്. അപകടം നടന്ന സ്ഥലത്തിന് സമീപം മീറ്ററുകളോളം റോഡ് നേരത്തെ തന്നെ ഇടിഞ്ഞു തകർന്നിരുന്നു. കഴിഞ്ഞ മഴക്കാലത്ത് തകർന്ന ഭാഗങ്ങൾ പുനർനിർമിക്കാതെയും ആവശ്യമായ സംരക്ഷണ ഭിത്തികൾ കെട്ടാതെയുമാണ് റോഡിന്റെ ഉദ്ഘാടനം ധൃതിപിടിച്ച് നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.


സംരക്ഷണ ഭിത്തി ഉണ്ടായിരുന്നെങ്കിൽ വലിയൊരു അപകടം ഒഴിവാക്കാമായിരുന്നുവെന്നും, ഇനിയും നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് റോഡ് വഴിവെക്കുമെന്നുമാണ് പ്രദേശവാസികളുടെ പരാതി. നവീകരണ പ്രവൃത്തിയിലെ അപാകതകൾക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി