കാന്‍സറുണ്ടെന്ന് കണ്ടെത്തിയത് ഓഫീസിലെ ഹെല്‍ത്ത് ചെക്കപ്പില്‍, പിന്നാലെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട് കമ്പനി; ദുരനുഭവം പങ്കുവെച്ച് കോര്‍പ്പറേറ്റ് മാനേജര്‍
ചില തിരിച്ചടികൾ നമ്മളെ തളർത്തും, പക്ഷേ തോറ്റുുകൊടുക്കില്ല എന്ന് തീരുമാനിച്ചാൽ നമ്മളെ തകർക്കാൻ ആർക്കും കഴിയില്ല. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സീനിയർ മാനേജറായിരുന്ന സന്തോഷ് പാടോലെയുടെ ജീവിതം നമുക്ക് മുന്നിൽ ഒരു വലിയ പാഠമാണ്.
2025 മെയ് മാസത്തിൽ ഓഫീസിൽ നടന്ന ഒരു സാധാരണ ഹെൽത്ത് ചെക്കപ്പാണ് സന്തോഷിന്റെ ജീവിതം മാറ്റിമറിച്ചത്. ഒന്നര വർഷമായി ശരീരത്തിൽ നിശബ്ദമായി വളർന്നുകൊണ്ടിരുന്ന തൈറോയ്ഡ് ക്യാൻസർ എന്ന വില്ലനെ അദ്ദേഹം തിരിച്ചറിഞ്ഞു. ഉടനടി ശസ്ത്രക്രിയയും ചികിത്സയും ആരംഭിച്ചെങ്കിലും, വിധിയുടെ അടുത്ത പ്രഹരം അദ്ദേഹത്തെ തേടിയെത്തിയത് ജോലിയിലായിരുന്നു.
മികച്ച പ്രകടനത്തിന് അവാർഡുകളും പ്രമോഷനുകളും വാരിക്കൂട്ടിയിരുന്ന സന്തോഷിനോട്, ക്യാൻസർ ചികിത്സയ്ക്കിടയിൽ 2025 ജൂലൈയിൽ കമ്പനി ആവശ്യപ്പെട്ടത് രാജിവെക്കാനാണ്! നീണ്ട കാലം കമ്പനിക്കായി വിയർപ്പൊഴുക്കിയ ഒരു പ്രൊഫഷണലിനെ, അയാൾക്ക് ഒരു ആപത്ത് വന്നപ്പോൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ കോർപ്പറേറ്റ് ലോകം പുറത്തെറിഞ്ഞു. ഇതിനെതിരെ അദ്ദേഹം നിയമപരമായും അല്ലാതെയും പോരാടി. തന്റെ നീതിക്കായി അഞ്ചുദിവസം നീണ്ടുനിന്ന നിരാഹാര സമരം വരെ അദ്ദേഹത്തിന് നടത്തേണ്ടി വന്നു. ആരോഗ്യം മോശമായതിനെത്തുടർന്ന് സമരം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും, സന്തോഷ് ഉയർത്തിയ ചോദ്യങ്ങൾ ഇന്ത്യയിലെ തൊഴിൽ നിയമങ്ങളിലെ വലിയൊരു പോരായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ച ജീവനക്കാരെ ജോലിസ്ഥലത്തെ വിവേചനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നിലവിൽ ഇന്ത്യയിൽ കർശനമായ നിയമങ്ങളില്ല. ഇന്ന് ജോലിയില്ലാത്ത അവസ്ഥയിലും തന്റെ അസുഖത്തോടും ഈ അനീതിയോടും ഒരേസമയം പൊരുതുകയാണ് സന്തോഷ്. സമാനമായ അനുഭവം മറ്റാർക്കും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ, മാരക രോഗങ്ങളുള്ളവർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന ഒരു സ്വകാര്യ ബിൽ നിയമസഭയിലും പാർലമെന്റിലും എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

Comments
Post a Comment