അഞ്ചുവർഷത്തെ കാത്തിരിപ്പ്; പെരുവണ്ണാമൂഴിയിൽ കണ്ടത് അപൂർവ്വ ഇനം 'ത്രിവർണത്തുമ്പി'


ചക്കിട്ടപാറ: അഞ്ചുവർഷം മുൻപ് പെരുവണ്ണാമൂഴി വനമേഖലയിൽ ക്യാമറക്കണ്ണുകളിൽ കുടുങ്ങിയ ആ അതിഥി വെറുമൊരു തുമ്പിയായിരുന്നില്ല. അത് പശ്ചിമഘട്ടത്തിലെ അപൂർവ്വ വിരുന്നുകാരനായ 'ത്രിവർണത്തുമ്പി' (Abraham's Bloodtail) ആയിരുന്നുവെന്ന് ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ഈ തുമ്പിയെ കണ്ടെത്തുന്നത്.

2020 ഓഗസ്റ്റ് 28-നാണ് പക്ഷിഗവേഷകൻ ഡോ. അബ്ദുള്ള പാലേരിയും ചിത്രകാരൻ ശ്രീനി പാലേരിയും പെരുവണ്ണാമൂഴിയിൽ വെച്ച് ഈ തുമ്പിയെ കാണുന്നത്. അന്ന് ചിത്രങ്ങൾ പകർത്തി 'പശ്ചിമഘട്ടത്തിലെ തുമ്പികൾ' എന്ന വിദഗ്ധരുടെ ഗ്രൂപ്പിൽ പങ്കുവെച്ചെങ്കിലും കൃത്യമായി തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.


2025-ൽ ഡോ. കലേഷ് സദാശിവവും സംഘവും ആറളം വനമേഖലയിൽ നിന്ന് ഇതേ വിഭാഗത്തിൽപ്പെട്ട പുതിയൊരു തുമ്പിയെ കണ്ടെത്തിയിരുന്നു. പ്രശസ്ത തുമ്പിഗവേഷകൻ ഡോ. അബ്രഹാം സാമുവലിനോടുള്ള ആദരസൂചകമായി ഇതിന് 'അബ്രഹാം ബ്ലഡ് ടൈൽ' എന്ന് പേരിട്ടു. മലയാളത്തിൽ ഇത് 'ത്രിവർണത്തുമ്പി' എന്നറിയപ്പെടുന്നു. ഈ കണ്ടെത്തലിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് അന്ന് പെരുവണ്ണാമൂഴിയിൽ കണ്ടതും ഇതേ ഇനമാണെന്ന് വ്യക്തമായത്.

 മരപ്പൊത്തുകളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുട്ടയിടുന്ന അപൂർവ്വ സ്വഭാവമുള്ള തുമ്പിയാണിത്. തുമ്പിഗവേഷകരായ വിനയൻ നായർ, ജെബിൻ ജോസ് എന്നിവരാണ് പെരുവണ്ണാമൂഴിയിലേത് ത്രിവർണത്തുമ്പിയാണെന്ന് സ്ഥിരീകരിച്ചത്.

വയനാട്ടിലും കർണാടകയിലെ കൂർഗിലും പിന്നീട് ഈ തുമ്പിയെ കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. അബ്ദുള്ള പാലേരി അറിയിച്ചു. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ സമ്പന്നതയിലേക്ക് പുതിയൊരു അധ്യായം കൂടി ഇതോടെ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി