കൂരാച്ചുണ്ടിൽ ആവേശം വിതറാൻ പഞ്ചായത്ത് വക പൊതു കളിമുറ്റമൊരുങ്ങുന്നു; ഏപ്രിലിൽ നാടിന് സമർപ്പിക്കും.
കൂരാച്ചുണ്ടിന്റെ കായിക സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു.
കൂരാച്ചുണ്ട്: കായിക പ്രേമികൾക്കും യുവാക്കൾക്കും ആവേശം പകർന്ന് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ വോളിബോൾ, ഷട്ടിൽ കോർട്ടുകൾ ഉൾപ്പെടുന്ന പൊതു കളിമൈതാനം തയാറാവുന്നു. പഞ്ചായത്തിന്റെ 13-ാം വാർഡിൽ ഉൾപ്പെട്ട പൊടിപ്പൂർ ക്ഷേത്രത്തിന് സമീപമുള്ള പഞ്ചായത്ത് വക സ്ഥലത്താണ് മൈതാനത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
മുൻ ഭരണസമിതിയുടെ കാലത്ത് ഒ.കെ. അമ്മദ് പ്രസിഡന്റായിരുന്നപ്പോഴാണ് ഈ പദ്ധതിക്കായി രണ്ട് ലക്ഷം രൂപ വകയിരുത്തിയത്. നിലവിൽ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. വോളിബോൾ, ഷട്ടിൽ കോർട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കി വരും ഏപ്രിൽ മാസത്തോടെ മൈതാനം പൊതുജനങ്ങൾക്ക് തുറന്നുനൽകാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഫുട്ബോൾ മൈതാനവും യാഥാർഥ്യമാകുന്നു
വോളിബോൾ കോർട്ടിന് പുറമെ, കായിക മേഖലയ്ക്ക് വലിയ കരുത്തുപകരുന്ന 65 ലക്ഷം രൂപയുടെ ഫുട്ബോൾ മൈതാനത്തിനായുള്ള പ്രവർത്തനങ്ങളും ദ്രുതഗതിയിൽ നടന്നു വരികയാണ്. പഞ്ചായത്തിന്റെ കായിക പശ്ചാത്തലം മെച്ചപ്പെടുത്തുന്നതിൽ ഈ രണ്ട് പദ്ധതികളും വലിയ മാറ്റമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു.
ലഹരിക്കെതിരെ കളിമുറ്റം
ലഹരി മാഫിയകളുടെ പിടിയിൽ അകപ്പെടുന്നതിനും മൊബൈൽ ഫോണിന് അമിതമായി അടിമപ്പെടുന്നതിനും എതിരെ യുവതലമുറയെ കളിമൈതാനങ്ങളിലേക്ക് തിരികെ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് വാർഡ് മെമ്പറും മുൻ വൈസ് പ്രസിഡന്റുമായ റസീന യൂസഫ് അഭിപ്രായപ്പെട്ടു. ശാരീരികക്ഷമത നിലനിർത്താനും യുവാക്കളെ ആരോഗ്യകരമായ സാമൂഹിക ജീവിതത്തിലേക്ക് നയിക്കാനും ഇത്തരം മൈതാനങ്ങൾ സഹായകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Comments
Post a Comment