മീൻ വേണം, പക്ഷെ പണം കൊടുക്കില്ല! വിലകൂടിയ മീനുകളുമായി മുങ്ങുന്ന 'വിരുതന്മാർ' പിടിയിൽ
ചോറിന് മീൻ നിർബന്ധമാണ്, പക്ഷെ പണം കൊടുക്കാൻ മാത്രം മനസ്സ് വരില്ല! ഒടുവിൽ ഓച്ചിറ പോലീസിന്റെ വലയിൽ കുടുങ്ങിയിരിക്കുകയാണ് ഈ 'മീൻ കള്ളന്മാർ'.
മത്സ്യവില്പനക്കാരെ കബളിപ്പിച്ച് വിലകൂടിയ മീനുകൾ വാങ്ങി പണം നൽകാതെ മുങ്ങുന്നതായിരുന്നു ഇവരുടെ രീതി. കായംകുളം സ്വദേശി ഷഫീഖിനെയാണ് ഇപ്പോൾ ഓച്ചിറ പോലീസ് പിടികൂടിയിരിക്കുന്നത്. ഇയാളുടെ കൂട്ടാളി ഷാജുവിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
ഇരുചക്രവാഹനങ്ങളിൽ മീൻ വിൽക്കാൻ എത്തുന്ന പാവപ്പെട്ട കച്ചവടക്കാരാണ് ഇവരുടെ പ്രധാന ഇരകൾ. നെയ്മീൻ, ചെമ്പല്ലി, നാരൻ കൊഞ്ച് തുടങ്ങിയ വിലകൂടിയ മീനുകൾ നോക്കി വാങ്ങും. മീൻ തൂക്കി വാങ്ങിയ ശേഷം "വീട്ടിൽ പോയി പണം എടുത്തു വരാം" എന്ന് പറഞ്ഞ് സ്ഥലം വിടും. പിന്നെ ആ വഴിക്ക് ഇവരെ കാണില്ല.
ചിലപ്പോൾ ബാക്കി നൽകാൻ ചില്ലറ വാങ്ങിയ ശേഷവും ഇവർ മുങ്ങാറുണ്ടായിരുന്നു.നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി മറ്റ് മോഷണക്കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Comments
Post a Comment