അടുപ്പിൽ നിന്ന് പടർന്ന തീ കവർന്നത് കളിചിരി മാറാത്ത മൂന്ന് കുരുന്നുകളുടെ അമ്മയെ;
പത്തനാപുരം: അടുപ്പിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. പത്തനാപുരം കുണ്ടയം കാവുവിള വീട്ടിൽ ഷംന മുജീബ് (27) ആണ് അന്തരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം..
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. വീട്ടിലെ അടുപ്പിൽ തീ കത്തിക്കുന്നതിനായി പെട്രോളും ഓയിലും കലർന്ന മിശ്രിതം ഉപയോഗിച്ചിരുന്നു. ഇത് അടുപ്പിലേക്ക് ഒഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഷംനയുടെ വസ്ത്രത്തിലേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ശരീരമാകെ തീ പടർന്ന യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു.
അപകടം നടന്ന ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഷംനയെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് ബുധനാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. മുജീബ് ആണ് ഷംനയുടെ ഭർത്താവ്. യാസീൻ, ഫൈസാൻ, സയാൻ എന്നിവർ മക്കളാണ്..

Comments
Post a Comment