സന്തോഷ് ട്രോഫി താരം അർജുൻ ബാലകൃഷ്ണന് ജന്മനാടിന്റെ ഹൃദ്യമായ അനുമോദനം
കൂരാച്ചുണ്ട്: തുടർച്ചയായി നാലാം വർഷവും സന്തോഷ് ട്രോഫി കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത അർജുൻ ബാലകൃഷ്ണന് ജന്മനാടിന്റെ ആദരം. കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് നിവാസികളുടെയും വാർഡ് മെമ്പർ റസീന യൂസഫിന്റെയും നേതൃത്വത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
ഗ്രാമത്തിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന അർജുന്റെ നേട്ടം നാടിനാകെ അഭിമാനമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി പറഞ്ഞു. വാർഡ് മെമ്പർ റസീന യൂസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, പഞ്ചായത്ത് മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കൂടാതെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ യു.ഡി.എഫ് (UDF) കൺവീനർ ഒ.കെ. അമ്മദ്, യു.ഡി.വൈ.എഫ് (UDYF) ചെയർമാൻ സന്ദീപ് കളപ്പുരക്കൽ, മുസ്ലിം ലീഗ് പ്രസിഡന്റ് വി.എസ്. ഹമീദ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ജ്യോതിഷ് രാരപ്പൻകണ്ടി, അഭിനവ് ബാവോസ് എന്നിവരും അർജുന് ആശംസകൾ നേർന്ന് സംസാരിച്ചു.
കേരള ഫുട്ബോൾ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ അർജുൻ ബാലകൃഷ്ണൻ കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് സ്വദേശിയാണ്. ചടങ്ങിൽ നാടിന്റെ സ്നേഹോപഹാരം താരത്തിന് കൈമാറി.

Comments
Post a Comment