കൂരാച്ചുണ്ട് ബഡ്‌സ് സ്കൂളിന് തയ്യൽ മെഷീനുകൾ കൈമാറി;
കൂരാച്ചുണ്ട്: ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളുടെ തൊഴിൽ നൈപുണ്യ വികസനത്തിന് ആക്കം കൂട്ടിക്കൊണ്ട് കൂരാച്ചുണ്ട് ബഡ്‌സ് സ്കൂളിന് ജില്ലാ മിഷൻ അനുവദിച്ച തയ്യൽ മെഷീനുകൾ കൈമാറി. വിദ്യാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ മെഷീനുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
കുട്ടികളിൽ സ്വാശ്രയശീലവും തൊഴിൽ നൈപുണ്യവും വളർത്തുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ ജില്ലാ മിഷൻ 28,000 രൂപ ചിലവഴിച്ച് പുതിയ തയ്യൽ മെഷീനുകൾ ലഭ്യമാക്കിയത്. സ്കൂളിലെ കുട്ടികൾക്ക് ലളിതമായ തുന്നൽ ജോലികൾ പഠിക്കാനും അതുവഴി അവരുടെ സർഗ്ഗാത്മക കഴിവുകൾ മെച്ചപ്പെടുത്താനും ഈ പദ്ധതി ഉപകരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ ജലീൽ കുന്നുംപുറത്ത്, സണ്ണി ജോസഫ് കാനാട്ട്, പ്രബീഷ് തളിയോത്ത്, ബിന്ദു കുര്യൻ ആനിക്കാട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ കെ.പി, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സമീറ കരിങ്കപ്പാറ, ബഡ്‌സ് സ്കൂൾ അധ്യാപികമാരായ അനുപ്രിയ, ജോളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തയ്യൽ മെഷീനുകൾ ലഭിച്ചതോടെ സ്കൂളിലെ വൊക്കേഷണൽ ട്രെയിനിങ് വിഭാഗം കൂടുതൽ സജീവമാക്കാനാണ് അധികൃതരുടെ തീരുമാനം.

Comments
Post a Comment