അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്നയാള്‍ക്ക് അടിയന്തരമായി സിപിആർ നല്‍കി ജീവൻ രക്ഷിച്ച് ഡോക്ടർ..



അടൂരിലെ ഏനാത്ത് ഗീതത്തില്‍ ഡോ. എസ് അജയകുമാർ ആണ് സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃക തീർത്തത്. ‌   ’പ്ലീസ് ഒന്ന് മാറൂ… ഞാൻ ഒരു ഡോക്ടറാണ്, നോക്കട്ടെ’ എന്ന് പറഞ്ഞാണ് അപകടത്തില്‍പ്പെട്ടയാള്‍ക്ക് ചുറ്റും കൂടി നിന്നവർക്കിടയിലൂടെ ഡോ. എസ് അജയകുമാർ വന്നത്.


മണ്ണടി ശ്രീകൃഷ്ണ വിലാസത്തില്‍ ശ്രീജിത്ത് (43) എന്നയാള്‍ക്കാണ് അപകടം പറ്റിയത്. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഹൃദയം നിലച്ച ഘട്ടത്തിലായിരുന്നു അദ്ദേഹം. കൊല്ലം കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ഡോ. അജയകുമാർ അപകടസ്ഥലത്തു വച്ചു തന്നെ രണ്ട് മിനുറ്റ് നേരം നല്‍കിയ സിപിആറിലൂടെയാണ് ശ്രീജിത്തിന് പുതുജീവൻ ലഭിച്ചത്. ശേഷം തുടർ ചികിത്സക്കായി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള ശ്രീജിത്ത് അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്.


ഫെബ്രുവരി 24 രാത്രി 8.10 ഓടെയാണ് അപകടം നടന്നത്. ഏനാത്ത്-കടമ്പനാട് റോഡില്‍ ഏനാത്ത് കഴിഞ്ഞുള്ള പാലം കഴിഞ്ഞായിരുന്നു അപകടം. ശ്രീജിത്ത് ഓടിച്ച ബൈക്കും ഓട്ടോറിഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ ശ്രീജിത്തിൻ്റെ ബോധം നഷ്ടമായി. നാട്ടുകാർ ഓടിക്കൂടിയെങ്കിലും രക്ഷാപ്രവർത്തനത്തില്‍ ആശങ്കകള്‍ നിലനിന്നു.


ഈ സമയത്താണ് ഡോ. അജയകുമാർ കാറില്‍ അവിടേക്ക് എത്തുന്നത്. തന്റെ ശാരീരിക അവശതകളെ പോലും മറന്നാണ് അദ്ദേഹം സമയോചിത ഇടപെടല്‍ നടത്തിയത്. പെട്ടെന്ന് തന്നെ കാറില്‍ നിന്നും ഇറങ്ങി ശ്രീജിത്തിൻ്റെ അരികിലെത്തി സിപിആർ നല്‍കി. പിന്നാലെ ഇദ്ദേഹത്തിൻ്റെ കാല്‍ ഒടിഞ്ഞതായും കണ്ടെത്തി. കാലിൻ്റെ പരിക്ക് ഗുരുതരമായതിനാല്‍ നാട്ടുകാരോട് സമീപത്തു നിന്നും കമ്പുകള്‍ ഒടിക്കാൻ ആവശ്യപ്പടുകയും അത് കാലില്‍ കെട്ടുകയും ചെയ്തു. പരുക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഡോ. അജയകുമാർ പറഞ്ഞു.


പിന്നീട് ആംബുലൻസ് വിളിച്ചു വരുത്തിയാണ് ശ്രീജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ശ്രീജിത്തിന്റെ ബൈക്കുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയില്‍ നിന്നും കുട്ടികള്‍ ഉള്‍പ്പെടെ രണ്ടുപേർ പുറത്തേക്ക് തെറിച്ചു വീണിരുന്നു. ഇവർക്ക് സാരമായി പരുക്കേറ്റിട്ടില്ല എന്നാണ് വിവരം. അപകടം ഉണ്ടാകുന്നതും ഡോക്ടർ എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞത്. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഡോക്ടറുടെ ഇടപെടല്‍ നാട്ടുകാർ അറിയുന്നത്.


"സ്വന്തം ശാരീരിക അവശതകൾ പോലും മറന്ന്, കൃത്യസമയത്ത് ഇടപെട്ട് ഒരു ജീവൻ രക്ഷിച്ച ഡോ. എസ്. അജയകുമാറിന് ആദരപൂർവ്വം നന്ദി. അങ്ങയുടെ ഈ സേവനസന്നദ്ധതയും മനുഷ്യത്വവും സമൂഹത്തിന് വലിയൊരു മാതൃകയാണ്."

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി