കൂരാച്ചുണ്ട് , ചക്കിട്ടപാറ മലയോരത്ത് ഇൻഡക്ഷൻ കുക്കറുകൾക്കും സിംഗിൾ അടുപ്പുകൾക്കും ഡിമാൻഡ്

 


കൂരാച്ചുണ്ട്/ ചക്കിട്ടപാറ : പാചകവാതക വിതരണത്തിലെ അനിശ്ചിതത്വവും സിലിണ്ടറുകളുടെ ദൗർലഭ്യവും മലയോര മേഖലയിലെ ജനജീവിതത്തെ ബാധിക്കുന്നു. പ്രതിസന്ധി രൂക്ഷമായതോടെ മറുവഴി തേടുകയാണ് കൂരാച്ചുണ്ടിലെ വീട്ടമ്മമാരും ഹോട്ടലുടമകളും. ഇതോടെ വിപണിയിൽ പഴയകാലത്തെ വിറകടപ്പുകൾക്കും ആധുനിക രീതിയിലുള്ള ഇൻഡക്ഷൻ കുക്കറുകൾക്കും ആവശ്യക്കാരേറി.

അടുപ്പ് വിപണി സജീവം

റംസാൻ കാലം കൂടി എത്തിയതോടെ വിറക്, ഈർച്ചപ്പൊടി അടുപ്പുകളുടെ വിൽപനയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം വലിയ തോതിലുള്ള സ്റ്റോക്കാണ് വിറ്റഴിഞ്ഞതെന്ന് വ്യാപാരികൾ പറയുന്നു. 

ഈടുനിൽക്കുന്നതും കനം കൂടിയതുമായ ആലുവ അടുപ്പുകൾക്കും ആവശ്യക്കാർ കുറവല്ല.

നിലവിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് 250 രൂപയുടെ സാധാരണ സിംഗിൾ അടുപ്പുകളാണ്. പാലക്കാട്ട് നിന്നാണ് പ്രധാനമായും ഇത്തരം അടുപ്പുകൾ കൂരാച്ചുണ്ട് വിപണിയിലേക്ക് എത്തുന്നത്.

ഇൻഡക്ഷൻ കുക്കറുകൾക്ക് 'മൂന്നിരട്ടി' വിൽപന

വിറകടപ്പിനൊപ്പം തന്നെ  സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർ ഇൻഡക്ഷൻ കുക്കറുകളെയാണ് ആശ്രയിക്കുന്നത്. ഇൻഡക്ഷൻ കുക്കറുകളുടെ വിൽപനയിൽ മുൻ മാസങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടുകളിലേക്ക് മാത്രമല്ല, ചെറുകിട ഹോട്ടലുകളിലേക്കും വ്യാപകമായി ഇൻഡക്ഷൻ കുക്കറുകൾ വാങ്ങിത്തുടങ്ങിയിട്ടുണ്ട്.

ഡിമാൻഡ് വർധിച്ചതോടെ പല കടകളിലും സ്റ്റോക്ക് തീരുന്ന അവസ്ഥയുണ്ടായി. ഇതേത്തുടർന്ന് അടിയന്തരമായി പുതിയ സ്റ്റോക്കുകൾ എത്തിച്ചു കൊണ്ടിരിക്കുകയാണ്. വിപണിയിൽ 1200 രൂപ മുതൽ ഇൻഡക്ഷൻ കുക്കറുകൾ ലഭ്യമാണെങ്കിലും, 2000 - 3000 രൂപ നിരക്കിലുള്ള ബ്രാൻഡഡ് മോഡലുകൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.

പാചകവാതക വിതരണം സാധാരണ നിലയിലാകാൻ വൈകുമെന്ന സൂചനയുള്ളതിനാൽ വരും ദിവസങ്ങളിലും ഈ വിപണി ഉണർന്നുതന്നെയിരിക്കാനാണ് സാധ്യത.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി