പൊലീസ് മേധാവിയുടെ അംഗീകാരവുമായി ജന്മനാട്ടിലേക്ക്; കുറ്റാന്വേഷണ മികവിന് സല്യൂട്ട്;കൂരാച്ചുണ്ടിന്റെ പ്രിയപുത്രന് വാർഡ് മെമ്പറുടെ സ്നേഹാദരം
കൂരാച്ചുണ്ട്: കുറ്റാന്വേഷണ മേഖലയിലെ മികച്ച സേവനത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ 'ബാഡ്ജ് ഓഫ് ഹോണർ' കരസ്ഥമാക്കിയ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി ബെന്നിയെ ജന്മനാട് ആദരിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ചെറിയാൻ ജോസഫ് അറക്കലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ചടങ്ങ് ഉദ്ഘാടനം ചെയ്ത ചടങ്ങ്, വാർഡ് മെമ്പർ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ചു.
"നമ്മുടെ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഡിവൈ.എസ്.പി വി.വി ബെന്നി. കുറ്റാന്വേഷണ രംഗത്തെ അദ്ദേഹത്തിന്റെ നിസ്തുലമായ സേവനത്തിന് ലഭിച്ച ഈ 'ബാഡ്ജ് ഓഫ് ഹോണർ' അർഹതയ്ക്കുള്ള അംഗീകാരമാണ്. കഠിനാധ്വാനവും അർപ്പണബോധവുമുണ്ടെങ്കിൽ ഏതൊരാൾക്കും ഉയരങ്ങളിലെത്താം എന്നതിന് അദ്ദേഹം നമ്മുടെ യുവതലമുറയ്ക്ക് വലിയൊരു മാതൃകയാണ്." ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡൻ്റ് പറഞ്ഞു.
"ഔദ്യോഗിക തിരക്കുകൾക്കിടയിലും സ്വന്തം നാടിനെയും ഇവിടുത്തെ മനുഷ്യരെയും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന വ്യക്തിത്വമാണ് ബെന്നിയുടേത്. ഒരു ഉദ്യോഗസ്ഥൻ എന്നതിലുപരി നാട്ടുകാരുടെ പ്രിയപ്പെട്ടവനായി നിൽക്കാൻ അദ്ദേഹത്തിന് കഴിയുന്നു. അദ്ദേഹത്തെ ആദരിക്കാൻ കഴിഞ്ഞത് ഈ വാർഡിനും കൂരാച്ചുണ്ടിനും ലഭിച്ച വലിയൊരു ഭാഗ്യമാണ്." വാർഡ് മെമ്പർ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു
"പോലീസ് സേനയിലെ മികച്ച മികവിനുള്ള അംഗീകാരം തേടിയെത്തുമ്പോൾ അത് കൂരാച്ചുണ്ടിന്റെ കൂടി പെരുമയായി മാറുന്നു. നീതിപൂർവമായ ഇടപെടലുകളും സത്യസന്ധമായ കുറ്റാന്വേഷണവും ബെന്നി എന്ന ഉദ്യോഗസ്ഥനെ വേറിട്ടുനിർത്തുന്നു. അദ്ദേഹത്തിന് ഇനിയും വലിയ അംഗീകാരങ്ങൾ തേടിയെത്തട്ടെ എന്ന്" പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി ആശംസിച്ചു.
ബ്ലോക്ക് മെമ്പർ അരുൺ ജോസ്, പഞ്ചായത്ത് മെമ്പർമാരായ എൻ.കെ. കുഞ്ഞമ്മദ്, ജലീൽ കുന്നുംപുറത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജു കാരക്കട, വി.എസ് ഹമീദ്, വിൽസൺ പാത്തിച്ചാലിൽ, സന്ദീപ് കളപ്പുരക്കൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
മുൻ മെമ്പർ സരീഷ് ഹരിദാസ്, വാർഡ് കൺവീനർ ജോർജ് പൊട്ടുകുളം, സിറിയക് പന്തപ്ലാക്കൽ, ബേബി അനന്തക്കാട്ട്, തങ്കച്ചൻ തയ്യിൽ, ജോയി പൂക്കളം, ബെന്നി കണ്ടശ്ശാംകുന്നേൽ, നിഷമോൾ കരിമത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഔദ്യോഗിക ജീവിതത്തിലെ മികവിനോടൊപ്പം സ്വന്തം നാടിനോടുള്ള ഡിവൈ.എസ്.പി വി.വി ബെന്നിയുടെ കരുതലിനെ ചടങ്ങിൽ പങ്കെടുത്തവർ നന്ദിയോടെ സ്മരിച്ചു
.

Comments
Post a Comment