"രണ്ടുപേരുടെ തല ചിതറിയ നിലയിൽ, ഒരാൾക്ക് അനക്കമുണ്ടായിരുന്നു; ആരും വണ്ടി നിർത്തിയില്ല": നടുക്കം മാറാതെ ദൃക്‌സാക്ഷിയായ കൂട്ടാലിട സ്വദേശി.

 


കൊയിലാണ്ടി: "ഞാനവിടെ എത്തുമ്പോൾ മൂന്നുപേരും കാനയിൽ കിടക്കുകയായിരുന്നു, രണ്ടുപേരുടെ തലചിതറിയ നിലയിലാണ്. ഒരാൾക്ക് ചെറിയ അനക്കമുണ്ടായിരുന്നു" കുറുവങ്ങാട് മൂന്ന് എം.ബി.ബി.എസ് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ അപകട സ്ഥലത്ത് ആദ്യമെത്തിയ കൂട്ടാലിട സ്വദേശിയുടെ വാക്കുകളാണിത്. എറണാകുളത്തുനിന്നും രാത്രി ബസിൽ കൊയിലാണ്ടിയിലെത്തിയ അദ്ദേഹം ബൈക്കിൽ വീട്ടിലേക്ക് പോകുംവഴിയാണ് അപകടസ്ഥലത്തെത്തിയത്.


"റോഡിന് സൈഡിലുള്ള കാനയിലായിരുന്നു മൂന്നുപേരും കിടന്നിരുന്നത്. അതുകൊണ്ടുതന്നെ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കില്ല. സമീപത്ത് കട നടത്തുന്ന ചേട്ടൻ കൈ കാണിച്ചത് കണ്ടിട്ടാണ് ഞാൻ വണ്ടി നിർത്തിയത്. ആദ്യം കരുതിയത് ലിഫ്റ്റ് ചോദിക്കാനായിരിക്കുമെന്നാണ്. അദ്ദേഹം പറഞ്ഞപ്പോഴാണ് അപകടത്തെക്കുറിച്ച് അറിഞ്ഞത്. നോക്കിയപ്പോൾ കാനയിലൂടെ മുകളിൽ സ്‌കൂട്ടർ മാത്രം കാണാമായിരുന്നു. അടുത്തേക്ക് ചെന്നപ്പോഴാണ് മൂന്ന് കുട്ടികളെയും കണ്ടത്."

"രണ്ടുപേരുടെ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഒരാൾക്ക് നേരിയ അനക്കമുണ്ട്. ഞങ്ങൾ അതുവഴി കടന്നുപോയ ചില വാഹനങ്ങൾക്ക് നേരെ കൈനീട്ടി. ആരും സഹായിച്ചില്ല. അതിനിടെ ഹൈവേ പൊലീസിനേയും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലുമെല്ലാം വിളിക്കുന്നുമുണ്ട്. അവിടെ നിന്നും കോളൊന്നും എടുക്കാതായതോടെ നേരിട്ട് പോയി കാര്യം പറയാമെന്ന് കരുതി ഞാൻ സ്റ്റേഷനിലേക്ക് തിരിച്ചു."

" പൊലീസ് സ്റ്റേഷനിൽ നിന്നും തിരികെ വരുമ്പോഴേക്കും ഹൈവേ പൊലീസ് സ്ഥലത്തെത്തിയിരുന്നു. രാത്രി 1.45നും 2.30നും ഇടയിലായിരിക്കും അപകടം നടന്നത്. നേരത്തെ ബസിറങ്ങിയശേഷം കൊയിലാണ്ടി ടൗണിൽ നിന്ന് ചായ കുടിക്കുന്ന സമയത്ത് മൂന്നുപേർ സ്‌കൂട്ടറിൽ പോകുന്നത് കണ്ടിരുന്നു. അത് ഇവരാണോയെന്ന് ഉറപ്പില്ല. ആ സമയത്ത് നേരിയ ചാറ്റൽ മഴയുണ്ടായിരുന്നു. വസ്ത്രം നനഞ്ഞതുകൊണ്ടായിരിക്കാം ഒരു കുട്ടിയുടെ കുപ്പായം അഴിച്ച് വണ്ടിയുടെ ഉള്ളിലിട്ടിരുന്നു."

കുറുവങ്ങാട് അക്വഡക്ടിന് സമീപം ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മലബാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർഥികളായ കൊല്ലം സ്വദേശിയായ നന്ദ കിഷാർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി