നിയമസഭാ പോരാട്ടത്തിന് മുന്നോടിയായി കൂരാച്ചുണ്ടിൽ സുരക്ഷാ വിന്യാസം പൂർത്തിയായി; പോലീസും സേനയും കൈകോർത്തു
കൂരാച്ചുണ്ട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി കൂരാച്ചുണ്ട് ടൗണിൽ പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. വോട്ടർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുമാണ് മാർച്ച് സംഘടിപ്പിച്ചത്.
കൂരാച്ചുണ്ട് പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത്, സബ് ഇൻസ്‌പെക്ടർമാരായ ഗ്രീഷ്മ, മനോജ് എന്നിവർ മാർച്ചിൽ മുൻനിരയിൽ നിന്ന് നേതൃത്വം നൽകി. കേന്ദ്രസേനയിലെ ഉദ്യോഗസ്ഥരും തദ്ദേശീയ പോലീസും അണിനിരന്ന മാർച്ച് ടൗണിന്റെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോയി.
കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കക്കയം ഉൾപ്പെടെയുള്ള മലയോര മേഖലകൾ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളായതിനാൽ വരും ദിവസങ്ങളിൽ ഈ മേഖലകളിൽ പരിശോധനയും സുരക്ഷയും കൂടുതൽ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് വിപുലമായ സുരക്ഷാ പ്ലാനാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും സമാനമായ രീതിയിലുള്ള നിരീക്ഷണങ്ങളും പെട്രോളിംഗും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Comments
Post a Comment