ലഹരിയിൽ മകൻ മരത്തടി കൊണ്ട് അച്ഛനെ തലയ്ക്കടിച്ചു, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛ്ന് ദാരുണാന്ത്യം.
പാലക്കാട്: ഷൊർണൂർ കൂനത്തറയിൽ മകൻ്റെ ക്രൂരമായ ഉപദ്രവമേറ്റ് ചികിത്സയില്‍ ആയിരുന്ന പിതാവ് മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ ഉണ്ണികൃഷ്‌ണൻ (63) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി അന്തരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു..
കഴിഞ്ഞ മാസം 23ന് കൂനത്തറ ചണ്ണമ്പറ്റ ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടിലായിരുന്നു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ഉണ്ണികൃഷ്ണനും മകൻ മനോജും തമ്മില്‍ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ലഹരിയിലായിരുന്ന മകന്‍ മരത്തടി ഉപയോഗിച്ച് പിതാവിൻ്റെ തലയ്ക്ക് അടിക്കുക ആയിരുന്നു..
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയും ഇന്നലെ രാത്രി മരണം സംഭവിക്കുകയുമായിരുന്നു.
കൃത്യം നടത്തിയ ശേഷം വീട്ടിൽ നിന്നും ഒളിവിൽ പോയ മനോജിനെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് സംഘം പരിസരത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രതി മനോജ് ഒറ്റപ്പാലം സബ് ജയിലിൽ റിമാൻഡിലാണ്. പിതാവ് മരിച്ച സാഹചര്യത്തിൽ പ്രതിക്കെതിരെ വകുപ്പുകൾ ചുമത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു..

Comments
Post a Comment