ഇഷ്ടമൃഗത്തെ വളർത്തുന്നതിനെച്ചൊല്ലി കലഹം; വീട്ടിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
ഹൈദരാബാദ്: വളർത്തു മൃഗത്തെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തെ തുടർന്ന് യുവ ഡോക്ടർ ജീവനൊടുക്കി. ഹൈദരാബാദിലെ അൽവാലിൽ താമസിക്കുന്ന 23 വയസ്സുകാരി പ്രിൻസിയാണ് മരിച്ചത്. അടുത്തിടെ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ പ്രിൻസി, ഉപരിപഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം..
ആഴ്ചകൾക്ക് മുൻപ് പ്രിൻസി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. എന്നാൽ പൂച്ചയെ കൊണ്ടുവന്നതിന് പിന്നാലെ പ്രിൻസിക്ക് ശ്വാസതടസ്സവും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പൂച്ചയെ വളർത്തുന്നത് എതിർത്തു. ഇത് വീട്ടിൽ നിരന്തരമായ വഴക്കുകൾക്ക് കാരണമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച അമ്മയും മുത്തശ്ശിയും പുറത്തുപോയ സമയത്ത് പ്രിൻസി വീട്ടിലെ ഫാനിൽ ജീവനൊടുക്കുക ആയിരുന്നു. ഏറെ നേരമായിട്ടും വിവരമൊന്നുമില്ലാത്തതിനെത്തുടർന്ന് വീട്ടുകാരും അയൽക്കാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും താഴെയിറക്കുകയും ചെയ്തു.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് പ്രിൻസിയുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ജീവനൊടുക്കി എന്ന നിഗമനമെങ്കിലും പോലീസ് മറ്റ് സാധ്യതകളും പരിശോധിച്ചുവരികയാണ്. വിശദമായ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും..

Comments
Post a Comment