പോരാട്ടവീര്യവുമായി കൂരാച്ചുണ്ട്; വി.ടി. സൂരജിന്റെ വിജയത്തിനായി യു.ഡി.എഫ് പടയണി
കൂരാച്ചുണ്ട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വി.ടി. സൂരജിന്റെ വിജയത്തിനായി കൂരാച്ചുണ്ട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശകരമായ പ്രകടനം സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഇന്ന് വൈകുന്നേരം 5.15-ഓടെ കൂരാച്ചുണ്ട് കോൺഗ്രസ് ഓഫീസ് പരിസരത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്. മുദ്രാവാക്യങ്ങൾ വിളിച്ചും പതാകകൾ ഏന്തിയും നീങ്ങിയ പ്രകടനം ടൗൺ അങ്ങാടി ചുറ്റി ബസ് സ്റ്റാൻഡ് പരിസരം കറങ്ങി ബാലുശ്ശേരി റോഡിൽ സമാപിച്ചു. തുടർന്ന് അവിടെ പൊതുയോഗം ചേർന്നു. മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയും യു.ഡി.എഫിന്റെ വിജയസാധ്യതകളെക്കുറിച്ചും നേതാക്കൾ യോഗത്തിൽ സംസാരിച്ചു.
യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ജോസ് വെളിയത്ത്, കൺവീനർ ഒ.കെ. അമ്മദ് എന്നിവർ പ്രകടനത്തിനും പൊതുയോഗത്തിനും നേതൃത്വം നൽകി. വരും ദിവസങ്ങളിൽ മണ്ഡലത്തിൽ കൂടുതൽ ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
മറ്റ് പ്രമുഖ നേതാക്കളായ ഷാജു കാരക്കട, സിനി ജിനോ, വി.എസ്. ഹമീദ്, ബിജു കടലാശേരി, അസീസ് വട്ടുകുനി, സന്ദീപ് കളപ്പുരയ്ക്കൽ തുടങ്ങിയവരും പ്രകടനത്തിൽ അണിനിരന്നു. വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടുന്ന അടുത്ത ഘട്ടത്തിലേക്ക് പ്രചാരണം ഉടൻ പ്രവേശിക്കും.

Comments
Post a Comment