നമ്മുടെ അടുക്കളയിൽ ഗ്യാസ് എത്തിക്കാൻ ജീവൻ പണയം വെച്ച് ഹോർമുസ് കടലിൽ നിന്നും കപ്പൽ ഓടിച്ചു വന്നവൻ അൻഷ് ത്രിപാഠി
കടൽ ശാന്തമായിരുന്നു, പക്ഷേ ആ ശാന്തതയ്ക്ക് മരണത്തിന്റെ ഗന്ധമുണ്ടായിരുന്നു. ഹോർമൂസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ‘ശിവാലിക്’ എന്ന ഭീമൻ കപ്പൽ നങ്കൂരമിട്ടു നിൽക്കുമ്പോൾ, അതിനുള്ളിലെ യന്ത്രമുറിയിൽ സെക്കന്റ് എഞ്ചിനീയർ അൻഷ് ത്രിപാഠി തന്റെ ഡയറിയിൽ അവസാനമായി ചില വരികൾ കുറിച്ചു.
"ചുറ്റും യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. ആകാശത്ത് മിന്നിമറയുന്ന യുദ്ധവിമാനങ്ങളുടെ ഇരമ്പൽ താഴെ കപ്പലിന്റെ ഡെക്കിലിരുന്നാൽ വ്യക്തമായി കേൾക്കാം. ലോകത്തിന്റെ എണ്ണക്കപ്പലുകൾ ഒഴുകുന്ന ഈ ഇടുങ്ങിയ പാത ഇപ്പോൾ ഒരു മരണക്കെണിയാണ്. ഏത് നിമിഷവും ഒരു മിസൈലോ ഡ്രോണോ കപ്പലിനെ ലക്ഷ്യം വെക്കാം."
അഗ്നിപർവ്വതത്തിന് മുകളിലെ യാത്ര
കപ്പലിന്റെ ഉള്ളിൽ 46,000 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം ഗ്യാസ് (LPG) ആണ് ഉള്ളത്. ഏകദേശം 32,39,436 (32 ലക്ഷത്തിലധികം) സിലിണ്ടറുകൾ നറയ്ക്കാനുള്ള ഗ്യാസ്. അതൊരു വെറും ചരക്കല്ല, മറിച്ച് സഞ്ചരിക്കുന്ന ഒരു അഗ്നിപർവ്വതമാണ്. ഒരു ചെറിയ സ്ഫോടനം പോലും കപ്പലിനെ നാമമാത്രമായ നിമിഷങ്ങൾക്കുള്ളിൽ ചാരമാക്കാൻ മതിയാകും.
യുഎഇയുടെയും സൗദിയുടെയും തീരങ്ങളിൽ നിന്ന് ശേഖരിച്ച ഈ ഇന്ധനം ഇന്ത്യയിലെ ദശലക്ഷക്കണക്കിന് അടുക്കളകളിൽ തീയൂതാനുള്ളതാണ്. തന്റെ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ തന്റെ കൈകളിലാണെന്ന ബോധ്യം അൻഷിനെ തളർത്തുകയല്ല, മറിച്ച് കരുത്തനാക്കുകയായിരുന്നു. ജാംഷെഡ്പൂരിലെ തന്റെ വീടിന്റെ ഉമ്മറത്ത് കാത്തിരിക്കുന്ന അച്ഛനെയും, പ്രിയതമ ചന്ദയെയും, രണ്ട് വയസ്സുകാരൻ മകൻ തനയെയും അവൻ ഓർത്തു. "ഭയമല്ല, ജാഗ്രതയാണ് ഇപ്പോൾ വേണ്ടത്," അൻഷ് തന്റെ സഹപ്രവർത്തകരോട് പറഞ്ഞു.
ആ ഇരുണ്ട ദിനങ്ങൾ
മാർച്ച് മാസത്തിലെ ആ ആഴ്ച ലോകം ശ്വാസമടക്കി പിടിച്ചു നിന്നു. കപ്പലിലെ ആശയവിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായതോടെ അൻഷിന്റെ കുടുംബം ഇരുട്ടിലായി. ജാംഷെഡ്പൂരിലെ ടാറ്റാ സ്റ്റീൽ ക്വാർട്ടേഴ്സിൽ ഇരുന്നു കൊണ്ട് അച്ഛൻ മിഥിലേഷ് കുമാർ ത്രിപാഠി ഓരോ സെക്കന്റും എണ്ണിക്കഴിച്ചു. ഉറക്കമില്ലാത്ത രാത്രികൾ.
കടലിടുക്കിലൂടെ നീങ്ങുമ്പോൾ കപ്പലിന്റെ എൻജിൻ മുറിയിൽ കഠിനമായ ചൂടായിരുന്നു. അൻഷിന്റെ കണ്ണുകൾ ഡാഷ്‌ബോർഡിലെ സൂചികളിൽ തറഞ്ഞുനിന്നു. ഓരോ നേരിയ വ്യതിയാനവും വലിയ ദുരന്തത്തിന്റെ സൂചനയാകാം. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കപ്പലിലുണ്ടെങ്കിലും, LPG ടാങ്കറുകളുടെ കാര്യത്തിൽ ഭാഗ്യം കൂടി തുണയ്ക്കണം.
പുലരിയിലേക്കുള്ള ഉദയം
മാർച്ച് 13-ന്റെ പുലർച്ചെ. ഹോർമൂസ് കടലിടുക്കിന്റെ അവസാന അതിർത്തിയും പിന്നിട്ട് ‘ശിവാലിക്’ സുരക്ഷിതമായ ജലാശയത്തിലേക്ക് പ്രവേശിച്ചു. യുദ്ധമേഖലയുടെ നിഴലിൽ നിന്ന് മാറി ഇന്ത്യയുടെ തീരത്തേക്ക് കപ്പൽ നീങ്ങിയപ്പോൾ അൻഷ് ഒന്ന് ദീർഘശ്വാസം വിട്ടു. മരണത്തെ മുഖാമുഖം കണ്ട്, തന്റെ പ്രൊഫഷണൽ മികവിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും അവൻ ആ ദൗത്യം പൂർത്തിയാക്കിയിരിക്കുന്നു.
ഇന്ത്യൻ മണ്ണിൽ കപ്പൽ അടുത്തപ്പോൾ, അത് കേവലം ഒരു ചരക്ക് കപ്പലായിരുന്നില്ല, മറിച്ച് ഒരു യുദ്ധം ജയിച്ചു വരുന്ന പോരാളിയെപ്പോലെയായിരുന്നു. അൻഷ് ത്രിപാഠി എന്ന യുവാവ് തെളിയിച്ചത് ഒന്നാണ്—രാജ്യസ്നേഹം. പ്രതിസന്ധികളിൽ തളരാതെ രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതുകൂടിയാണ്.
✒️ജെറി പൂവക്കാല

Comments
Post a Comment