തലയാട് താഴെ അങ്ങാടിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; നാല് പേർക്ക് പരിക്ക്

 


​തലയാട്: മലയോര ഹൈവേയിൽ അപകടങ്ങൾ പെരുകുന്നു. സിഗ്നൽ ബോർഡുകളുടെ അഭാവവും അമിതവേഗതയും കാരണം ഹൈവേയിലെ യാത്ര ദുസ്സഹമായി മാറുകയാണ്. കഴിഞ്ഞ ദിവസം രാത്രി തലയാട് താഴെ അങ്ങാടിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

​  കൂരാച്ചുണ്ടിൽ നിന്നും എസ്റ്റേറ്റ് മുക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. താഴെ അങ്ങാടിയിലെ വളവിൽ വച്ച് നിയന്ത്രണം വിട്ട കാർ റോഡിൽ തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് കാറിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല

​ഹൈവേയുടെ നിർമ്മാണം പൂർത്തിയായതോടെ വാഹനങ്ങൾ വലിയ വേഗതയിലാണ് ഇതുവഴി കടന്നുപോകുന്നത്. എന്നാൽ റോഡിലെ അപകടസാധ്യതയുള്ള വളവുകളെക്കുറിച്ചോ തിരിവുകളെക്കുറിച്ചോ മുന്നറിയിപ്പ് നൽകുന്ന സിഗ്നൽ ബോർഡുകൾ പലയിടത്തുമില്ല.

​ആധുനിക രീതിയിൽ നിർമ്മിച്ച റോഡായതിനാൽ വാഹനങ്ങൾ അമിതവേഗതയിലാണ് വരുന്നത്. വളവുകൾ മുൻകൂട്ടി തിരിച്ചറിയാൻ കഴിയാത്തതിനാൽ, പെട്ടെന്ന് ബ്രേക്ക് ഇടുന്നത് വാഹനങ്ങൾ മറിയാൻ കാരണമാകുന്നു. ഹൈവേ ഉദ്ഘാടനത്തിന് മുൻപേ തന്നെ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കേണ്ടതായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

​തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിൽ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. എത്രയും വേഗം പ്രധാന കവലകളിലും അപകട മേഖലകളിലും സിഗ്നൽ ബോർഡുകളും വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടി വൈകിയാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി