നാലാണ്ട് നീണ്ട ഒളിവുജീവിതത്തിന് അന്ത്യം: പിതാവിനെ തല്ലിക്കൊന്ന മകൻ പോലീസിന്റെ വലയിൽ.
ആദൂർ: സ്വന്തം പിതാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി നാല് വർഷത്തിന് ശേഷം പോലീസ് പിടിയിലായി. പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദിനെയാണ് (32) ആദൂർ സബ് ഇൻസ്പെക്ടർ എം. സുജിലേഷും സംഘവും അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
2022 ഏപ്രില്‍ 5-ന് പുലർച്ചെ നാല് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പാണ്ടി വെള്ളരിക്കയയിലെ വീട്ടില്‍ വെച്ച് പ്രതി തന്റെ പിതാവായ ബാലകൃഷ്ണ നായിക്കിനെ (57) ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ബാലകൃഷ്ണ നായിക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
തുടർന്ന് ആദൂർ പോലീസ് ക്രൈം നമ്പർ 291/2022 ആയി ഐ.പി.സി സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം പ്രതി സംസ്ഥാനം വിട്ടതായാണ് പോലീസ് കരുതിയിരുന്നത്. കേസിന്റെ കുറ്റപത്രം 2022 ജൂലൈ 31-ന് തന്നെ പോലീസ് കോടതിയില്‍ സമർപ്പിച്ചിരുന്നെങ്കിലും പ്രതി ഒളിവിലായതിനാൽ വിചാരണ നടപടികൾ വൈകുകയായിരുന്നു. ഇതിനിടെ കോടതി പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റ് നടന്നത് ഇങ്ങനെ:
വർഷങ്ങളായി പോലീസിനെ വെട്ടിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം പാണ്ടി വെള്ളരിക്കയയിലെ തന്റെ താമസസ്ഥലത്തിന് സമീപം എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആദൂർ പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിൽ ഇന്ന് പുലർച്ചെയോടെ പ്രതിയെ വലയിലാക്കുകയായിരുന്നു.
അറസ്റ്റ് ചെയ്ത നരേന്ദ്ര പ്രസാദിനെ കാസർഗോഡ് ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Comments
Post a Comment