പാചകവാതക ക്ഷാമമെന്ന പ്രചാരണം: കൂരാച്ചുണ്ടിൽ ഗ്യാസ് ഏജൻസിക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിര
കൂരാച്ചുണ്ട്: പാചകവാതകത്തിന് വരുംദിവസങ്ങളിൽ കടുത്ത ക്ഷാമം നേരിട്ടേക്കുമെന്ന അഭ്യൂഹത്തെത്തുടർന്ന് കൂരാച്ചുണ്ടിലെ ഭാരത് ഗ്യാസ് ഏജൻസി ഓഫീസിൽ ഉപഭോക്താക്കളുടെ വൻ തിരക്ക്. ഇന്നലെ രാവിലെ മുതൽ തന്നെ നൂറുകണക്കിന് ആളുകളാണ് ഒഴിഞ്ഞ സിലിണ്ടറുകളുമായി ഏജൻസിക്ക് മുന്നിൽ തടിച്ചുകൂടിയത്.
നിലവിൽ ഗ്യാസ് വിതരണത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, വരും ദിവസങ്ങളിൽ സിലിണ്ടറുകൾ കിട്ടാതാകുമെന്ന ആശങ്കയാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. ഇതോടെ വീടുകളിൽ സിലിണ്ടറുകൾ എത്തിക്കുന്ന പതിവ് രീതിക്ക് കാത്തുനിൽക്കാതെ പലരും നേരിട്ട് ഏജൻസിയിലെത്തുകയായിരുന്നു.
ആശങ്കപ്പെടേണ്ട ; വിതരണം സുഗമമെന്ന് അധികൃതർ
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പാചകവാതക വിതരണത്തിന് നിലവിൽ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലെന്നും ഏജൻസി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബുക്കിംഗ് പൂർത്തിയാക്കിയ 226 ഉപഭോക്താക്കൾക്ക് ഓഫീസിൽ വെച്ച് തന്നെ സിലിണ്ടറുകൾ കൈമാറി.
കൂരാച്ചുണ്ട് മേഖലയിലായി ആറായിരത്തോളം ഉപഭോക്താക്കളാണ് ഈ ഏജൻസിയെ ആശ്രയിക്കുന്നത്. വിവിധ പ്രദേശങ്ങളിലേക്ക് നാല് വാഹനങ്ങളിലായി സിലിണ്ടറുകൾ എത്തിക്കുന്ന നടപടി തുടരുന്നുണ്ടെന്നും വിതരണത്തിൽ തടസ്സമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. അനാവശ്യ ഭീതി പരത്തി ഓഫീസിൽ തിരക്ക് കൂട്ടരുതെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും ഏജൻസി അറിയിച്ചു.

Comments
Post a Comment