മകന്‍ ചികിത്സ കഴിഞ്ഞ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന അമ്മ രജനിയെ എങ്ങനെ ആശ്വസിപ്പിക്കും,
കൊല്ലം: ആൾക്കൂട്ട ഉപദ്രവത്തിന് ഇരയായി ചികിത്സയില്‍ ആയിരുന്ന 18 വയസ്സുകാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങിയതോടെ അനാഥമായത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളാണ്. രോഗികളായ മാതാപിതാക്കളും, സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഈ യുവാവ്..
ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്നത് ആയിരുന്നു ഹരികൃഷ്ണന്റെ വലിയ ആഗ്രഹം. അടുത്ത മാസം നടക്കാനിരുന്ന ആർമി പരീക്ഷയ്ക്കായി അപേക്ഷ നൽകി കഠിനമായ പരിശീലനത്തിലായിരുന്നു അവൻ. പുലർച്ചെ കിലോമീറ്ററുകളോളം ഓടി ശരീരം സജ്ജമാക്കുന്നതിനിടയിലും, വീട്ടുചിലവിനും മാതാപിതാക്കളുടെ ചികിത്സയ്ക്കുമായി പഠനത്തോടൊപ്പം ചെറിയ ജോലികൾ ചെയ്തും ഹരികൃഷ്ണൻ കുടുംബത്തെ താങ്ങിനിർത്തി.. പാർക്കിൻസൺസ് രോഗബാധിതനായ അച്ഛൻ ജയസേനനും, കൈയ്ക്ക് സ്വാധീനമില്ലാത്ത അമ്മ രജനിയും മകന്റെ തണലിലായിരുന്നു ജീവിച്ചിരുന്നത്.
'സഹോദരിയുടെ വീട്ടിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് ഹരികൃഷ്ണന്റെ ജീവനെടുത്തത്. ഘോഷയാത്രയ്ക്കിടെ തന്റെ അമ്മയെ അധിക്ഷേപിച്ച സംഘാടകനെ ചോദ്യം ചെയ്തതായിരുന്നു അവൻ ചെയ്ത 'കുറ്റം'. പ്രശ്നങ്ങൾക്ക് ഭക്ഷണം നൽകാമെന്ന് പറഞ്ഞ് സദ്യാലയത്തിലേക്ക് നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി ഓഡിറ്റോറിയത്തിൽ പിന്നിലിട്ട് ഉപദ്രവിക്കുക ആയിരുന്നു. പിന്നീട് തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. 4 ദിവസത്തോളം മരണത്തോട് പൊരുതിയ ശേഷമാണ് ഹരികൃഷ്ണൻ യാത്രയായത്.'
മകന്റെ മരണവാർത്തയറിയാതെ, അവൻ ചികിത്സ കഴിഞ്ഞ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന അമ്മ രജനിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഒരു നാട് മുഴുവൻ. ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും താങ്ങുമായിരുന്ന കൗമാരക്കാരന്റെ വിയോഗം പ്രദേശവാസികളെയും കണ്ണീരിലാഴ്ത്തി..

Comments
Post a Comment