പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽ കാട്ടാനക്കൂട്ടം
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പന്നിക്കോട്ടൂർ വയൽ ഭാഗത്താണ് രണ്ട് വലിയ ആനകളും ഒരു കുട്ടിയാനയുമടങ്ങുന്ന സംഘത്തെ യാത്രക്കാർ കണ്ടത്.
റോഡ് മുറിച്ചുകടന്ന ആനക്കൂട്ടം സമീപത്തെ വയൽ പ്രദേശത്തേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയത്ത് റോഡിലൂടെ വന്ന വാഹനയാത്രക്കാർ ആനകളെ കണ്ട് വണ്ടി നിർത്തി മാറിയതിനാലാണ് വൻ അപകടം ഒഴിവായത്. ഏറെ നേരം വയൽ പരിസരത്ത് നിലയുറപ്പിച്ച ആനക്കൂട്ടം പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്കയുണ്ടാക്കി.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. വനത്തോടു ചേർന്നുകിടക്കുന്ന പന്നിക്കോട്ടൂർ, ചെമ്പനോട ഭാഗങ്ങളിൽ ആനകൾ പതിവായി കൃഷി നശിപ്പിക്കുന്നതായും പരാതിയുണ്ട്. പകൽ സമയത്ത് പോലും ആനകൾ റോഡിലിറങ്ങുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും വലിയ ഭീഷണിയാവുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളിൽ ഈ റോഡിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Comments
Post a Comment