കല്ലാനോട് ഹാച്ചറി വികസനം: രണ്ടാം ഘട്ടത്തിനായി 55.35 ലക്ഷം രൂപ അനുവദിച്ചു
കൂരാച്ചുണ്ട്: ജില്ലയിലെ പ്രധാന ശുദ്ധജല ഹാച്ചറിയായ കല്ലാനോട് ഹാച്ചറിയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 55.35 ലക്ഷം രൂപ അനുവദിച്ചു. നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ആർ.ഐ.ഡി.എഫ് (RIDF Tranche-28) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക ലഭ്യമാക്കിയിരിക്കുന്നത്.
ഹാച്ചറിയുടെ വികസനത്തിനായി അനുവദിച്ച ആകെ തുകയിൽ 95 ശതമാനവും നബാർഡ് വിഹിതമാണ്.
നബാർഡ് വിഹിതം: 52.58 ലക്ഷം രൂപ (95%)
സംസ്ഥാന സർക്കാർ വിഹിതം: 2.76 ലക്ഷം രൂപ (5%)
2024 ഓഗസ്റ്റ് 1 മുതൽ 2025 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ പദ്ധതിക്കായി ചെലവഴിച്ച തുകയുടെ നാലാം ഗഡു റീ-ഇംബേഴ്‌സ്‌മെന്റ് (Reimbursement) ആയിട്ടാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ട വികസനത്തിനായി നേരത്തെ 19.81 കോടി (1981 ലക്ഷം) രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പദ്ധതിയുടെ പുരോഗതി വിലയിരുത്തി ഫിഷറീസ് ഡയറക്ടർ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ട് റിലീസ് ചെയ്തത്.
കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹാച്ചറിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1986-ൽ ജലസേചന വകുപ്പ് 0.94 ഹെക്ടർ ഭൂമി പെരുവണ്ണാമൂഴി എസ്.സി ഫിഷർമെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഫിഷ് സീഡ് ഫാം നിർമ്മിക്കുന്നതിനായി ഫിഷറീസ് വകുപ്പിന് കൈമാറി.
1994-ൽ ഇൻഡോ-ജർമ്മൻ പ്രോജക്ടിന്റെ ഭാഗമായാണ് പെരുവണ്ണാമൂഴി എസ്.സി ഫിഷർമെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ ഹാച്ചറി പ്രവർത്തനം ആരംഭിച്ചത്.
നിലവിൽ കാർപ് മത്സ്യക്കുഞ്ഞുങ്ങളുടെ ഉല്പാദനവും അനബാസ്, പങ്കേഷ്യസ്, തിലാപ്പിയ എന്നീ ഇനങ്ങളുടെ പരിപാലനവുമാണ് ഇവിടെ നടക്കുന്നത്. പ്രതിവർഷം 36 ലക്ഷം ഫിംഗർലിംഗ്‌സ് വലുപ്പത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കാനുള്ള ശേഷി ഈ ഹാച്ചറിക്കുണ്ട്. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഉത്തര കേരളത്തിലെ മത്സ്യകർഷകർക്ക് ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ കൂടുതൽ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments
Post a Comment