മലയോര ഹൈവേയുടെ 28 മൈൽ - തലയാട് റീച്ച് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
തലയാട്: മലയോര ഹൈവേയുടെ ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന 28-ാം മൈൽ-തലയാട് റീച്ചിന്റെയും ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന തലയാട്-മലപുറം റീച്ചിൻ്റെയും ഉദ്ഘാടനവും ചെമ്പ്ര മുതൽ 28-ാം മൈൽ വരെയുള്ള റീച്ചിൻ്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
തലയാട് ടൗണിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു. അഡ്വ. കെ എം സച്ചിൻ ദേവ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്‌മായിൽ കുറുമ്പൊയിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി എം കമലാക്ഷി, പി സജിന, ഇ സി സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ശോഭടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ബാബു, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
28-ാം മൈൽ മുതൽ തലയാട് വരെ 6.79 കിലോമീറ്റർ നീളത്തിൽ 50 കോടി രൂപ ചെലവിട്ടുള്ള പദ്ധതിയിൽ തലയാട് പാലവും നിർമിച്ചിട്ടുണ്ട്. തലയാട്-മലപുറം-കോടഞ്ചേരി റീച്ചിന് 110.52 കോടി രൂപയാണ് ലഭ്യമായത്. ഇതിൽ തലയാട് മുതൽ മലപുറം വരെ ഒന്നാം ഘട്ടമായി 9.99 കിലോമീറ്റർ നീളത്തിൽ 58.9 കോടി രൂപ ചെലവിട്ടാണ് മലയോര ഹൈവേയായി വികസിപ്പിച്ചത്. ചെമ്പ്ര മുതൽ 28-ാം മൈൽ വരെയുള്ള 9.45 കിലോമീറ്ററിൽ 51.43 കോടി രൂപയുടെ പ്രവൃത്തികളാണ് ആരംഭിക്കുന്നത്. 18 മാസമാണ് പൂർത്തീകരണ കാലാവധി.

Comments
Post a Comment